മലബാർ ലോബി കോൺഗ്രസ്സിൽ പിടിമുറുക്കി

കാഞ്ഞങ്ങാട്:  കെ. സുധാകരൻ കെപിസിസി  പ്രസിഡണ്ടായി ചുമതലയേൽക്കുകയും,  ദീർഘകാലം അകറ്റി നിർത്തപ്പെട്ട കെ. മുരളീധരൻ കോൺഗ്രസ്സിന്റെ തലപ്പത്ത് സജീവമാവുകയും കാസർകോട് നിന്നുള്ള ലോക്സഭാംഗം രാജ് മോഹൻ ഉണ്ണിത്താൻ കെ. സുധാകരനൊപ്പം നിലയുറപ്പിക്കുകയും ചെയ്തതോടെ കോൺഗ്രസ്സിൽ മലബാർ ലോബി പിടിമുറുക്കുകയാണ്.

കെ. കരുണാകരന് ശേഷം കോൺഗ്രസ്സിൽ തിരിച്ചെത്തിയ കെ. മുരളീധരന് വേണ്ടത്ര അംഗീകാരവും പദവിയും   കോൺഗ്രസ്സിൽ ലഭിച്ചിരുന്നില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെ കോഴിക്കോട്ടെ തന്റെ ആദ്യകാല തട്ടകം സജീവമാക്കിയ മുരളീധരൻ മലബാർ  ലോബിയുടെ ശക്തി ദുർഗ്ഗമായി മാറുകയാണ്. സിപിഎമ്മിന്റെ കേരളത്തിലെ ശക്തി ദുർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതായിരുന്ന കാസർകോട് ലോക്സഭാ മണ്ഡലം പിടിച്ചെടുത്തത് മുതൽ രാജ്മോഹൻ ഉണ്ണിത്താൻ കെ. സുധാകരന്റെ വലംകൈയ്യായി മാറിയിരിക്കുന്നു.

രാജീവ്ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട് മലബാറിന്റെ ഭാഗമായതിനാൽ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ മലബാറിന്റെ പ്രാധാന്യം വർദ്ധിച്ചു. ഏഐസിസി ജനറൽ സിക്രട്ടറി കെ. സി. വേണുഗോപാലിന്റെ പിന്തുണയിൽ ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ സ്വാധീനം ബലപ്പെടുത്തിയ കെ. സുധാകരനും ഉണ്ണിത്താനും വേണുഗോപാലിനൊപ്പം നിലയുറപ്പിച്ചത് മലബാറിന്റെ പ്രാധാന്യം വർദ്ധിക്കാനിടയാക്കി. കെ. സി. വേണുഗോപാലും, കെ. മുരളീധരനും മലബാർ മേഖലയിൽ നിന്നുള്ളവരാവുകയും രാജ്മോഹൻ ഉണ്ണിത്താൻ ഇവർക്കൊപ്പം ചേരുകയും ചെയ്തപ്പോൾ കോൺഗ്രസ്സിനെ ഭരിച്ചിരുന്ന തിരുവിതാംകൂർ മേഖലയുടെ ആധിപത്യം ദുർബ്ബലമാവുകയും മലബാർ മേഖല ശക്തിപ്പെടുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ െതരഞ്ഞെടുപ്പിലും വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും രണ്ട് തെരഞ്ഞെടുപ്പുകൾക്കും തൊട്ടു മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫ് ഉജ്ജ്വല വിജയം നേടുകയുണ്ടായി. കെ. സുധാകരൻ, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി. എൻ. പ്രതാപൻ, വി. കെ. ശ്രീകണ്ഠൻ, അടൂർ പ്രകാശ് തുടങ്ങി പ്രമുഖരായ ഐ ഗ്രൂപ്പ് നേതാക്കളുടെ   ലോക്സഭാ ബന്ധങ്ങളും ഇപ്പോഴത്തെ മാറ്റത്തിൽ  നിർണ്ണായകമായി മാറുകയായിരുന്നു.

നീരസം അടക്കിപ്പിടിച്ച രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ഏ. ഗ്രൂപ്പിനെതിരാണ്. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ ഗ്രൂപ്പില്ലെന്ന് പറയുന്ന എം. പിമാർ ഫലത്തിൽ കെ. സുധാകരനും വി. ഡി. സതീശനുമൊപ്പമാണ്. 

LatestDaily

Read Previous

രേഷ്മയുടെ തിരോധാനത്തിന് ഒരു പതിറ്റാണ്ട്; ദുരൂഹത അകലുന്നില്ല

Read Next

കടയുടമ പീഡിപ്പിച്ച സെയിൽസ് ഗേളിൽ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു