കണ്ണൂർ സർവകലാശാലയിലെ അനധികൃത നിയമനം; ഗവർണറുടെ തീരുമാനം ശരിയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അനധികൃത നിയമനങ്ങൾ നടത്താനുള്ള ശ്രമമാണ് ഗവർണർ തന്റെ അധികാരം ഉപയോഗിച്ച് തടഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധുനിയമനത്തെക്കുറിച്ച് അന്വേഷണം നടത്തണം. അർഹരായവരുടെ നീതി പരസ്യമായി നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ആറ് വർഷവും ഇതുതന്നെയാണ് സംഭവിച്ചത്. ഇത്തരം ബന്ധുനിയമനങ്ങളെല്ലാം അന്വേഷിച്ച് റദ്ദാക്കാനുള്ള നടപടികൾ ഗവർണർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലകളിലെ അധ്യാപന ജോലികൾ സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 25 വർഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത അധ്യാപകൻ 651 സ്കോർ നേടി. എന്നാൽ, നിയമിക്കാൻ തീരുമാനിച്ച വ്യക്തിയുടെ സ്കോർ 156 ആണ്. ഇന്റവ്യൂവില്‍ 156 സ്കോറുളള ആൾക്ക് 32 മാർക്കും 651 സ്കോറുളള ആൾക്ക് 30 മാർക്ക് വീതവും നൽകി. ഡോക്ടറേറ്റും അധ്യാപന പരിചയവുമുള്ളവർക്ക് അവസരം നൽകാതെ യോഗ്യതയില്ലാത്തവരെയാണ് സർക്കാർ നിയമിക്കുന്നത്. അധ്യാപക നിയമനത്തിനായി സർവകലാശാലാ ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.

തങ്ങൾക്ക് ഇഷ്ടമുള്ളവരെ വൈസ് ചാൻസലർമാരാക്കുകയും അധ്യാപക നിയമനത്തിൽ ക്രമക്കേട് നടത്തുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ സെർച്ച് കമ്മിറ്റിയിൽ യു.ജി.സി, സെനറ്റ്, ചാൻസലറായ ഗവർണർ എന്നിവരുടെ പ്രതിനിധികൾ ഉണ്ട്. അതിലേക്കാണ് ഒരു സർക്കാർ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാനെയും ഉൾപ്പെടുത്തുന്നത്. എന്നിട്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളുടെ പേര് മാത്രമെ ഗവര്‍ണര്‍ക്ക് മുന്നിലേക്ക് ശിപാര്‍ശ ചെയ്യൂ. ഇതിലൂടെ അർഹതയുള്ളവരെ ഒഴിവാക്കി ഇഷ്ടമുള്ളവരെ നിയമിക്കാൻ സർക്കാരിന് കഴിയും. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന വി.സിമാർ സർക്കാരിന് മുന്നിൽ അടിമകളെപ്പോലെ നിൽക്കും. അതാണ് കണ്ണൂർ സർവകലാശാലയിൽ സംഭവിച്ചത്.

K editor

Read Previous

തുറമുഖ നിർമാണം നിർത്തേണ്ട; ഭൂമി നഷ്ടപ്പെടുന്നതിന് പരിഹാരം വേണം: ശശി തരൂർ

Read Next

ഓണക്കാലത്ത് പരമാവധി ‘മുന്തിയ മദ്യം’ ലഭ്യമാക്കും