‘രാഹുൽ മത്സരിച്ചില്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ടു വരും’

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്ന സൂചന നൽകി ശശി തരൂർ എംപി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരരംഗത്തില്ലെങ്കിൽ മറ്റ് പേരുകൾ നിർദേശിക്കും. പാർട്ടിയിൽ മറ്റ് മികച്ച സാധ്യതകളുണ്ടെന്നും തരൂർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കുക. സാധ്യതാ പട്ടികയിൽ ആരൊക്കെ ഉണ്ടെന്ന് അന്നറിയാം. ഞാൻ തീർച്ചയായും മത്സരരംഗത്തുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അനന്തരാവകാശികൾ (രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും) മത്സരരംഗത്തില്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ട് വരും. ഒരുപാട് മികച്ച സാധ്യതകൾ ഞങ്ങൾക്ക് മുന്നിലുണ്ട്”, ശശി തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധിയുമായുള്ള സമവാക്യത്തെ കുറിച്ചും തരൂർ തുറന്നുപറഞ്ഞു. ആരുമായും ആഴത്തിലുള്ള വ്യക്തിപരമായ ബന്ധമുണ്ടെന്ന് താൻ അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. വ്യക്തിഹത്യയുടെ രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അത്തരമൊരു ആക്രമണം നേരിട്ടാൽ പുഞ്ചിരിയോടെ നേരിടുമെന്നും തരൂർ പറഞ്ഞു. കേരളത്തിൽ ചില സംഘടനാ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ കെ സുധാകരന്‍റെയും വി ഡി സതീശന്‍റെയും നേതൃത്വത്തിൽ കോൺഗ്രസിന് പുതിയ ഊർജ്ജം ലഭിച്ചിരിക്കുകയാണെന്നും തരൂർ പറഞ്ഞു.

Read Previous

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘര്‍ഷം

Read Next

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; അരുവിക്കര ഡാം തുറക്കും