‘ഗുജറാത്തിൽ എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം’

ന്യൂഡൽഹി: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. മികച്ച വിദ്യാഭ്യാസം ഞങ്ങൾ സൗജന്യമായി നൽകും. നിലവിലുള്ള സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാനത്തുടനീളം പുതിയവ സ്ഥാപിക്കും. എല്ലാ സ്വകാര്യ സ്കൂളുകളുടെയും കണക്കുകൾ കൃത്യമായി പരിശോധിക്കുകയും മാതാപിതാക്കളിൽ നിന്ന് പിരിച്ചെടുത്ത അധിക പണം ഡൽഹിയിൽ ചെയ്തതുപോലെ തിരികെ നൽകുകയും ചെയ്യും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. നേരത്തെ ഗുജറാത്ത് സന്ദർശന വേളയിൽ സ്ത്രീകൾ, ആദിവാസികൾ, വൈദ്യുതി, തൊഴിൽ, തൊഴിലില്ലായ്മ വേതനം എന്നിവയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ കെജ്രിവാൾ നൽകിയിരുന്നു.

Read Previous

പ്രതിഷേധം കനത്തു ; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ചു

Read Next

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടി; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് 5 എംഎൽഎമാർ