മകളുടെ മരണകാരണം അറിയണം; പിതാവ് മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ചത് ഒന്നരമാസം

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച മകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ ഒന്നരമാസത്തോളം കുഴിയിൽ ഉപ്പിട്ട് സൂക്ഷിച്ച് പിതാവ്. പൊലീസ് ആദ്യം നടത്തിയ പോസ്റ്റുമോർട്ടത്തിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. അതിനാൽ, മൃതദേഹം കത്തിക്കാതെ സൂക്ഷിക്കുകയായിരുന്നു. റീ പോസ്റ്റ്മോർട്ടം നടത്താൻ പൊലീസിൽ സമ്മർദ്ദം ചെലുത്താൻ പിതാവ് രാഷ്ട്രീയ നേതാക്കളെ കാണുകയും ചെയ്തിരുന്നു.

ദാദാഗാവിൽ 27 കാരിയായ ആദിവാസി യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റിലായവരിൽ ഒരാൾ യുവതിയുടെ സുഹൃത്താണ്. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇത് വിശ്വസിക്കാൻ യുവതിയുടെ പിതാവ് വിസമ്മതിച്ചു. തന്‍റെ മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് ഇയാൾ ആരോപിക്കുന്നത്.

പിതാവിന്‍റെ ശ്രമഫലമായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ നന്ദുർബൻ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടു. മൃതദേഹം പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. 

K editor

Read Previous

പ്രേതാനുഭവം ഉണ്ടായിട്ടുണ്ടെന്ന് കലാഭവൻ ഷാജോൺ

Read Next

ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍