വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ, കഴിവിന്റെ പരമാവധി പരിശ്രമിക്കും: എം.ബി.രാജേഷ്

പാലക്കാട്: മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷ്, തന്‍റെ കഴിവിന്‍റെ പരമാവധി തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ പരിശ്രമിക്കുമെന്ന് പറഞ്ഞു. നിലവിൽ ഔദ്യോഗികമായുള്ള അറിയിപ്പ് വന്നിട്ടില്ലെന്നും മാധ്യമങ്ങളുടെ പക്കലുള്ള സി.പി.എം പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രതികരിക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.

“വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ. ഇതിന് മുമ്പ് ഇതുപോലെ ഏൽപ്പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ ഈ ചുമതലയും നിറവേറ്റാൻ പരിശ്രമിക്കും. സ്പീക്കർ എന്ന നിലയിൽ കഴിഞ്ഞ പതിനഞ്ച്, പതിനാറ് മാസത്തെ പ്രവർത്തനം നടത്താനുള്ള അവസരമാണ് ലഭിച്ചത്. അത് വിലപ്പെട്ട ഒരു അനുഭവമായിട്ടാണ് കണക്കാക്കുന്നത്. വളരെ പാരമ്പര്യമുള്ള ചരിത്രമുള്ള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആ പാരമ്പര്യത്തോട് നീതിപുലർത്തുന്ന വിധത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. വിലയിരുത്തേണ്ടത് മറ്റുള്ളവരാണ്. സ്പീക്കർ ആയിരിക്കുമ്പോഴും രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ല, അത് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.” എം.ബി. രാജേഷ് പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.ബി. രാജേഷിനെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവന്നത്. സ്പീക്കറായി എ.എൻ. ഷംസീറിനേയും സി.പി.എം സെക്രട്ടേറിയറ്റ് തിരഞ്ഞെടുത്തു.

K editor

Read Previous

ലോകായുക്ത ഭേദഗതി പാസാക്കിയത് വിശദമായ ചർച്ചകൾക്ക് ശേഷം ; പി രാജീവ്

Read Next

7 ആവശ്യങ്ങളില്‍ ഉറച്ചുതന്നെ, വിഴിഞ്ഞം സമരവുമായി മുന്നോട്ട്: ലത്തീന്‍ അതിരൂപത