മടിക്കൈ സ്കൂളിൽ നൂറോളം എസ്എസ്എൽസി ബുക്കുകൾ കാണാതായി

കാഞ്ഞങ്ങാട്: മടിക്കൈ പ്രദേശത്തെ സ്കൂളിൽ സൂക്ഷിച്ച നൂറോളം എസ്എസ്എൽസി ബുക്കുകൾ മോഷണം പോയി. അമ്പതു മുതൽ നൂറോളം എസ്എസ്എൽസി ബുക്കുകൾ സ്കൂൾ ഒാഫീസിൽ നിന്ന് കാണാതായ വാക്കാൽ പരാതിയുമായി സ്കൂൾ അധികൃതർ പത്തുനാൾ മുമ്പ് ഹൊസ്ദുർഗ് പോലീസിലെത്തിയിരുന്നുവെങ്കിലും, രേഖാമൂലം പരാതി നൽകാതിരുന്നതിന് കാരണം, സംഭവം പുറത്തറിഞ്ഞാലുണ്ടായേക്കകാവുന്ന രക്ഷിതാക്കളുടേയും, വിദ്യാർത്ഥികളുടേയും പ്രതിഷേധം ഭയന്നാണ്.

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്ന സ്കൂൾ മുറിയിൽ നിന്ന് സ്കൂളിന്റെ റബ്ബർ സീലുകളും കാണാതായിട്ടുണ്ട്. എസ്എസ്എൽസി ബുക്കുകളിലെ ഫോട്ടോകൾ അടർത്തി മാറ്റി  പകരം ഫോട്ടോകൾ ഒട്ടിച്ചു ചേർത്ത് പാസ്പോർട്ടിനും മറ്റും ഉപയോഗിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് ഈ മോഷണമെന്ന് സംശയിക്കുന്നു.

എസ്എസ്എൽസി ബുക്കുകളോടൊപ്പം റബ്ബർ സീലുകളും നഷ്ടപ്പെട്ടുവെന്നത് മോഷണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എസ്എസ്എൽസി ബുക്കുകൾ സൂക്ഷിച്ച മുറി മൊത്തം അരിച്ചു പെറുക്കിയെങ്കിലും,  ബുക്കുകൾ കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് പ്രദേശത്തെ ഇരു സ്കൂളുകളിലും ലേറ്റസ്റ്റിൽ നിന്ന് വിളിച്ചന്വേഷിച്ചപ്പോൾ അങ്ങിനെയൊരു സംഭവം ഇല്ലേയില്ല എന്നായിരുന്നു സ്കൂൾ അധികാരികളുടെ വിശദീകരണം.

സംഭവം സംബന്ധിച്ച് സ്കൂളധികൃതർ പോലീസിൽ രേഖാമൂലം പരാതി നൽകാനിടയുണ്ട്. ഒരു കൃത്രിമ കവർച്ചാ നാടകവും അരങ്ങേറിയേക്കും.

LatestDaily

Read Previous

പടന്നക്കാട് ക്ലബ്ബിൽ വിവാഹ മാമാങ്കം , ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തത് നൂറ് കണക്കിനാളുകൾ

Read Next

സല്യൂട്ട് നൽകാത്ത പോലീസുകാരെ അടച്ചാക്ഷേപിച്ച് വനിത ഫോറൻസിക് വിദഗ്ദ