ജമ്മു കശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി; രാജ്യത്ത് ആദ്യം

ശ്രീനഗർ: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് സന്തോഷവാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് വൻ ലിഥിയം ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

രാജ്യത്ത് ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൈൻസ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. സ്വർണം, ലിഥിയം എന്നിവയുൾപ്പെടെ 51 ലോഹ-ധാതു നിക്ഷേപങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അതത് സംസ്ഥാനങ്ങൾക്ക് കൈമാറി. 51 ബ്ലോക്കുകളിൽ 5 ബ്ലോക്കുകൾ സ്വർണ്ണവും, മറ്റുള്ളവയിൽ പൊട്ടാഷ്, മോളിബ്ഡിനം എന്നിവയുമാണ്. ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിവിധ ലോഹ, ധാതു നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ഇലക്ട്രിക് വാഹന ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമായ ലിഥിയത്തിന്‍റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ ഇലക്ട്രിക് വാഹന വ്യവസായത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

K editor

Read Previous

മലയാളി വ്യവസായിയും കർണ്ണാടക മുൻ മന്ത്രിയുമായ ടി. ജോൺ നിര്യാതനായി

Read Next

ഓപ്പറേഷന്‍ ദോസ്ത്; തുർക്കിയിലും സിറിയയിലും സഹായഹസ്തവുമായി ഇന്ത്യൻ രക്ഷാദൗത്യം