ഉല്ലാസ നൗകകൾ 21 മുതൽ

നീലേശ്വരം: കോവിഡ് വ്യാപനം മൂലം 2020 മാർച്ച് മുതൽ കോട്ടപ്പുറം കായലിൽ നങ്കൂരമിട്ടു നിർത്തിയ ഉല്ലാസ നൗകകൾ സെപ്തംപർ 21 മുതൽ ഓടിതുടങ്ങും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉല്ലാസ നൗകകൾ പുഴയിലിറക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മേധാവി കൂടിയായ ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്.

ജില്ലയിലെ ഏറ്റവും വലിയ ഉല്ലാസ നൗക കേന്ദ്രമായ കോട്ടപ്പുറത്ത് 26 ഉല്ലാസ നൗകകളാണ് മാർച്ച് മുതൽ നങ്കൂരമിട്ട് വെറുതെ കിടക്കുന്നത്.

23 വലിയ നൗകകളും, 3 ചെറിയ നൗകകളുമാണ് കോട്ടപ്പുറം കായലിൽ ഉല്ലാസ യാത്രക്കാരെ കാത്തുകിടക്കുന്നത്.

വലിയ നൗകയിൽ നൂറുപേർക്കിരിക്കാനും, യോഗം ചേരാനുമുള്ള സകല സംവിധാനങ്ങളുണ്ട്. കോട്ടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന ഉല്ലാസ നൗകകൾ ചെറുവത്തൂർ, പടന്ന, വലിയ പറമ്പ, തൃക്കരിപ്പൂർ പഞ്ചായത്തുകളുടെ കായൽ വഴി പയ്യന്നൂർ നേവൽ അക്കാദമി വരെ സഞ്ചരിക്കാനുള്ള ജല പാത ഇപ്പോൾ സുഗമമാണ്.

തെക്കേക്കാട്, വടക്കേക്കാട്, മെട്ടമ്മൽ കായലുകളിലൂടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള കായൽ യാത്ര കാസർകോട് ജില്ലയുടെ ടൂറിസം രംഗത്ത് വേറിട്ടൊരു അനുഭവം തന്നെയാണ്.

കാലത്ത് 10 മണിക്ക് കോട്ടപ്പുറത്ത് നിന്ന് സന്ദർശകരേയും കയറ്റി  പുറപ്പെടുന്ന ഉല്ലാസ നൗകകൾ വലിയ പറമ്പ അഴിമുഖത്ത് നിന്ന് മടങ്ങി വൈകുന്നേരം 4 മണിക്ക് കോട്ടപ്പുറത്തെത്തും.

8 പേർക്ക് 10,000 രൂപയാണ് നിരക്ക്. കൂടുതൽ വരുന്ന ഒരാൾക്ക് 800 രൂപ നിരക്കിൽ 60 പേരെ ഉൾക്കൊള്ളുന്ന എയർകണ്ടീഷൻഡ്  കിടപ്പുമുറികളും, കോൺഫറൻസ് ഹാളുകളുമുള്ള ഉല്ലാസ നൗകകൾ കോട്ടപ്പുറത്തിന്റെ പ്രത്യേകതയാണ്.

ഒരു രാത്രിയും പകലും കായലിൽ ഉല്ലസിക്കാനുള്ള പ്രത്യേക ടിപ്പുകളും ഇവിടെയുണ്ട്.

കാലത്ത് 11-30 ന് പുറപ്പെട്ടാൽ പിറ്റേന്ന് കാലത്ത് 8-30 മണിക്ക് കോട്ടപ്പുറം ജെട്ടിയിൽ തിരിച്ചെത്തുന്ന പാക്കേജ് ടൂറാണിത്.

രാത്രി 8 മണിക്ക് കായലിന്റെ മധ്യത്തിൽ നങ്കൂരമിടും. കാലത്ത് 7 മണിക്ക് മടക്കയാത്ര തുടങ്ങും. ഈ ഉല്ലാസ യാത്രയിൽ വലിയ പറമ്പ കുരങ്ങുസങ്കേതവും, പടന്ന -വലിയ പറമ്പ പുലിമുട്ട് കാണാനുള്ള സൗകര്യവുമുണ്ട്.

കാലത്ത് നൗകയിൽ തന്നെ പ്രാതലും, ഉച്ചയ്ക്ക് ഭക്ഷണവും വൈകുന്നേരം ചായയും പലഹാരങ്ങളും യാത്രയിൽ സൗജന്യമാണ്.

ആവശ്യമുള്ള വിഭങ്ങൾ ഓർഡർ ചെയ്യാം. പുഴ മത്സ്യവും കടൽ മത്സ്യവും ഒരുക്കിത്തരും.

മാർച്ച് മുതൽ നങ്കൂരമിട്ടു കിടക്കുന്ന ഉല്ലാസ നൗകകൾ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞുവെന്ന് അറേബ്യൻ പാലസ് എന്ന നൂറുപേർക്ക് യാത്ര ചെയ്യാവുന്ന ഉല്ലാസ നൗകയുടെ ഉടമ ടി.വി. കൃഷ്ണൻ തുരുത്തി പറഞ്ഞു.

യാത്രക്കാരുടെ സൗകര്യത്തിന് 4.5 കോടി രൂപ ചിലവഴിച്ച് കോട്ടപ്പുറം വൈകുണ്ഡ ക്ഷേത്ര പരിസരത്ത് നിന്ന് നേരിട്ട് ബോട്ട് ജെട്ടിയിലേക്ക് ഒരു റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും.

എം രാജഗോപാലൻ എംഎൽഏയുടെ ഫണ്ടിൽ നിന്നാണ് ഈ റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചിട്ടുള്ളത്.

ഹെൽപ്പ്: 95442 60111 (ടി. വി. കൃഷ്ണൻ)

LatestDaily

Read Previous

തെയ്യം കലയുടെ കുലപതി വിടവാങ്ങി

Read Next

കല്ലൂരാവി വീടാക്രമണം; 4 പേർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്