ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
8 എസ് ഐമാർ ഉൾപ്പെടെ 46 പോലീസുദ്യോഗസ്ഥർ ക്വാറന്റൈനിൽ
കാഞ്ഞങ്ങാട്: 10 പോലീസുകാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ, വനിതാ എസ് ഐ ഉൾപ്പെടെ 9 എസ് ഐമാരും 40 പോലീസുകാരും ക്വാറന്റൈനിൽ പോയി.
ഹോസ്ദുർഗ്ഗ് സ്റ്റേഷനിലെ പ്പിൻസിപ്പാൾ എസ് ഐ വിനോദ്കുമാർ, വനിതാ എസ് ഐ അജിത, എസ് ഐമാരായ മാധവൻ, അരുണൻ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ രണ്ട് ഏഎസ് ഐ മാരും 20 സീനിയർ സിവിൽ പോലീസുദ്യോഗസ്ഥരും 10 സിവിൽ പോലീസുകാരുമാണ് ഇന്നലെ ക്വാറന്റൈനിൽ പോയത്.
സ്റ്റേഷൻ റൈറ്ററുൾപ്പെടെ 7 പോലീസുകാർക്കാണ് ഇന്നലെ ഉച്ചയോടെ കോവിഡ് 19 സ്ഥിരീകരിച്ച് റിപ്പോർട്ട് വന്നത്. ഉടൻ തന്നെ ആരോഗ്യ പ്രവർത്തകർ ആംബുലൻസുമായി സ്റ്റേഷനിലെത്തി രോഗം സ്ഥിരീകരിച്ച പോലീസുകാരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
റൈറ്റർക്ക് രോഗം സ്ഥിരീകരിച്ചതാണ് പോലീസുകാരെ ഏറെ ആശങ്കയിലാഴ്ത്തുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിൽ മിക്കവരും റൈറ്ററുമായി സമ്പർക്കം പുലർത്തിയിരുന്നു.
ദൈനംദിന ഔദ്യോഗിക ആവശ്യങ്ങൾക്കെല്ലാം ഉദ്യോഗസ്ഥർ റൈറ്ററുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുൾപ്പെടെ 4 പോലീസുകാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് മൂന്ന് ഉദ്യോഗസ്ഥർക്ക് കൂടി രോഗ ബാധയുണ്ടായി.
എന്നാൽ 4 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയോ, ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയോ ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോകാൻ അനുവദിച്ചില്ലെന്ന അക്ഷേപം പോലീസുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.
ഒരു പോലീസുകാരനിൽ രോഗം കണ്ടെത്തിയപാടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ സ്വയം നിരീക്ഷണത്തിൽ പോകാൻ അവസരമുണ്ടാക്കിയിരുന്നുവെങ്കിൽ ഇന്നത്തെ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് പോലീസിൽ ഭൂരിഭാഗത്തിനുമുള്ളത്.
ഐപി ഷൈൻ ഉൾപ്പെടെ 4 പോലീസുകാർ മാത്രമായിരുന്നു ഇന്നലെ ക്വാറന്റൈനിൽ പോകാതിരുന്നത്. ഇന്നലെ 10 കെ.ഏപിക്കാരെ കാസർകോട് നിന്നും ഹോസ്ദുർഗ്ഗ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
ക്വാറന്റൈനിൽ പോയ പോലീസുകാരെല്ലാം കടുത്ത ഭീതിയിലാണുള്ളത്. പലരും പ്രത്യേക താമസസൗകര്യമൊരുക്കിയാണ് കഴിയുന്നത്. ചിലർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
ആദ്യം രോഗം സ്ഥിരീകരിച്ച 4 പേരിൽ 2 പേർക്ക് നെഗറ്റീവായിട്ടുണ്ട്. മറ്റ് 2 പേർക്ക് ഇപ്പോഴും പോസിറ്റീവ് തന്നെയാണ്.
കോവിഡ് പശ്ചാത്തലത്തിൽ പകുതി ഡ്യൂട്ടി സംവിധാനം ഹോസ്ദുർഗിൽ അട്ടിമറിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നു.
പോലീസുകാരിൽ പകുതി പേർ മാറിമാറി ഡ്യൂട്ടി ചെയ്യട്ടെയെന്ന് ഡിജിപിയുടെ ഉത്തരവാണ് ഹോസ്ദുർഗ്ഗിൽ നടപ്പിലാവാതെ പോയത്. ഒരാഴ്ച വരെ ഉത്തരവ് നടപ്പിലായെങ്കിലും പിന്നീട് ഈ സംവിധാനം അസ്ഥാനത്താവുകയും മുഴുവൻ പോലീസുകാരെയും ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തത്, ഇപ്പോൾ ഒരു സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
നിരീക്ഷണത്തിലുള്ള പോലീസുകാരെല്ലാമിപ്പോൾ വലിയ ഭീതിയുടെ നിഴലിലാണുള്ളത്. ആദ്യം കോവിഡ് സ്ഥിരീകരിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രവം പരിശോധനയ്ക്ക് അയക്കാനും ഒദ്യോഗികമായി ആരും തയ്യാറായിരുന്നില്ല.
പിന്നീട് പോലീസുകാർ ഓരോ പേരും സ്വന്തം ഉത്തരവാദിത്വത്തിലായിരുന്നു ശ്രവം പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണ് കഴിഞ്ഞ ദിവസം 7 പോലീസുകാർക്കും ഇന്ന് മൂന്ന് പേർക്കും കൂടി രോഗം സ്ഥിരീകരിച്ചത്.