ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതശല്യത്തിൽ ലീഗിന് അതൃപ്തി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികളായി മത്സരിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്ന വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതിൽ യുഡിഎഫിൽ അസംതൃപ്തി. തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ വിമത സ്ഥാനാർത്ഥികൾക്കെതിരെയുള്ള നടപടി വൈകിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ കോൺഗ്രസിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗിലും പ്രതിഷേധമുയർന്നിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പിലെ വിമതശല്യം ബിജെപിയെ സഹായിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ ഉൽക്കണ്ഠ.

വിമത സ്ഥാനാർത്ഥികൾ ബിജെപിയുമായി കൂട്ടുകൂടി ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ആശങ്ക കോൺഗ്രസ് പ്രവർത്തകർക്കുമുണ്ട്. വിമതരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ ബാങ്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ചിട്ടുണ്ട്. വിമതരും കോൺഗ്രസ് പ്രവർത്തകരായതിനാൽ അവർക്കെതിരെയുള്ള അച്ചടക്കനടപടി കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമേയുണ്ടാകൂ എന്നതാണ് ശബ്ദ സന്ദേശത്തിന്റെ കാതൽ.

ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഔദ്യോഗിക ലിസ്റ്റ് ഡിസിസി നേതൃത്വം പുറത്തുവിട്ടിട്ടും വിമതർ മത്സരത്തിൽ ഉറച്ചുനിൽക്കുന്നത് പാർട്ടിയെ തകർക്കാനാണെന്നാണ് വിമതരെ എതിർക്കുന്നവരുടെ വാദം. സ്വന്തം പ്രസ്ഥാനത്തിനെതിരെ കലാപശബ്ദം ഉയർത്തുന്നവരെ നിലയ്ക്ക് നിർത്താൻ കഴിയാത്തത് പാർട്ടിയുടെ കഴിവുകേടാണെന്നാണ് കോൺഗ്രസ് അണികളുടെ അഭിപ്രായം. ഹൗസിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് അണികൾ വിമത നീക്കത്തെ എതിർക്കുന്നത്. വിമതർക്കെതിരെ തിങ്കളാഴ്ചയോടെയെങ്കിലും നടപടിയായില്ലെങ്കിൽ ഡിസിസി പ്രസിഡണ്ടിനെ തടയുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Previous

യുവാക്കളെ കാർ കയറ്റി കൊല്ലാൻ ശ്രമം

Read Next

ജീവനെടുക്കുന്ന നിയമലംഘനങ്ങൾക്ക് രക്ഷിതാക്കളുടെ പ്രോത്സാഹനം