ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ജീവിത സാഹചര്യങ്ങൾ മൂലം എസ്എസ്എൽസി പഠനം പൂർത്തിയാക്കാൻ സാധിക്കാതെ വന്ന 23 നിർധന വിദ്യാർത്ഥികൾക്ക് പോലീസിന്റെ കൈത്താങ്ങിൽ പരീക്ഷാ വിജയം.
കേരള സർക്കാർ ആവിഷ്കരിച്ച ഹോപ്പ്പദ്ധതി പ്രകാരമാണ് പത്താംതരം പരീക്ഷ എഴുതാൻ സാധിക്കാതെ പഠനം മതിയാക്കിയ 25 വിദ്യാർത്ഥികളെ കണ്ടെത്തി പോലീസ് പരീക്ഷയ്ക്ക് സജ്ജരാക്കിയത്. ഉദുമ, കുമ്പള, മുന്നാട്, കാസർകോട് കടപ്പുറം, ബോവിക്കാനം മുതലായ പ്രദേശങ്ങളിൽ നിന്നുള്ള 25 വിദ്യാർത്ഥികൾക്കാണ് പോലീസ് ഗുരുവും വഴികാട്ടിയുമായത്.
നാർക്കോട്ടിക് കൺട്രോൾ ഡി വൈ എസ് പി, ഹസൈനാർ നോഡൽ ഓഫീസറായും, കാസർകോട് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഏ.എസ്.ഐ, രാജീവൻ അസിസ്റ്റന്റ് നോഡൽ ഓഫീസറായും പ്രവർത്തിച്ച ഹോപ്പ് പദ്ധതി വഴി 4 മാസത്തെ പരിശീലനത്തിലൂടെയാണ് വിദ്യാർത്ഥികളെ എസ് എസ്എൽസി പരീക്ഷയ്ക്ക് സജ്ജരാക്കിയത്.
25 വിദ്യാർത്ഥികളിൽ 2 പേർക്ക് പരീക്ഷയ്ക്ക് റജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞിരുന്നില്ല. ബാക്കി വന്ന 23 പേരാണ് ഇത്തവണ ഹോപ്പ് പദ്ധതി പ്രകാരം പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം നേടിയാണ് പോലീസ് ഗുരുക്കന്മാർക്ക് ദക്ഷിണ സമ്മാനിച്ചത്. മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തതും പോലീസ് ഉദ്യോഗസ്ഥർ തന്നെ .
ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രബേഷ്കുമാർ, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ രജീഷ്, പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പോലീസ് ഉദ്യോഗസ്ഥരായ വിനൂപ്, നിഖിൽ, വിജേഷ് മുതലായവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
18 വയസ്സു വരെയുള്ള വിദ്യാർത്ഥികളെയാണ് ഹോപ്പ് പദ്ധതി പ്രകാരം വിദ്യാഭ്യാസം നൽകുന്നതിന് തെരഞ്ഞെടുക്കുന്നത്.
പ്രതികൂലമായ ജീവിത സാഹചര്യങ്ങൾ മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്ന നിർധനരായ കൗമാരപ്രായക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യവുമായാണ് ഹോപ്പ് പദ്ധതി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഈ പദ്ധതി പ്രാവർത്തികമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് കീഴിൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.