ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
3 പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ബേഡകം ഹണിട്രാപ്പ് കേസ്സിലെ പ്രതി ലാലാ കബീറടക്കമുള്ള മൂന്നംഗസംഘം അജാനൂർ യുവാവിനെ തട്ടിക്കൊണ്ടുപോയി കർണ്ണാടകയിലെ മടിക്കേരി ഹോട്ടൽ മുറിയിൽ ക്രൂരമായി പീഡിപ്പിച്ചു. അജാനൂർ തെക്കെപ്പുറം മൻസൂർ ആശുപത്രിക്ക് മുന്നിൽ തട്ടുകട നടത്തുന്ന ഇട്ടമ്മൽ സ്വദേശി മൻസൂറിനെയാണ് 22, മൂന്നംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. രണ്ടുദിവസം തടങ്കലിൽ പാർപ്പിച്ച ശേഷം മൻസൂറിനെ അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു.
ജനുവരി 25-ന് രാവിലെ ഇഖ്ബാൽ ഗേറ്റിനടുത്തുനിന്നാണ് മൻസൂറിനെ സംഘം പിടികൂടി കാറിൽ കയറ്റിയത്. കാറിനകത്ത് ക്രൂരമായി മർദ്ദിച്ച ശേഷം മടിക്കേരിയിലെത്തിച്ചു. അവിടെ ഹോട്ടലിലേക്ക് കൊണ്ടുപോയശേഷം ഹോട്ടൽ മുറിയിലും മർദ്ദനം തുടർന്നു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചും, പഞ്ച് ചെയ്തും, കത്തിച്ച സിരറ്റ് കൊണ്ട് ദേഹത്ത് കുത്തിയും പരിക്കേൽപ്പിച്ചു. വെള്ള സ്വിഫ്റ്റ് കാറിലായിരുന്നു യുവാവിനെ സംഘം മടിക്കേരിയിലെത്തിച്ചത്. പിന്നീട് 27-ന് രാവിലെ മൻസൂറിനെ കാഞ്ഞങ്ങാട്ടെത്തിച്ച് ഇഖ്ബാൽ ഗേറ്റിന് സമീപം ഉപേക്ഷിച്ച് അക്രമികൾ സ്ഥലം വിടുകയായിരുന്നു.
സാരമായി പരിക്കേറ്റ മൻസൂറിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൻസൂറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ലാലാകബീർ, സമീർ, നൗഷാദ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഒരു ലക്ഷം രൂപ ഈട് നൽകി മൻസൂർ നേരത്തെ സമീറിൽ നിന്നും താൽക്കാലിക ഉപയോഗത്തിനായി കാർ വാങ്ങിയിരുന്നു. പണം തിരിച്ച് തരുമ്പോൾ കാർ തിരിച്ചു നൽകാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കഴിഞ്ഞയാഴ്ച സമീറിന്റെ നേതൃത്വത്തിലെത്തിയ സംഘം ഒരു ലക്ഷം രൂപ തിരിച്ചുനൽകാതെ കാർ ബലമായി കൊണ്ടുപോയി.
മൻസൂറിന്റെ ഫോൺ ഉൾപ്പെടെ അന്ന് സംഘം കൊണ്ടുപോയിരുന്നു. ഒരു ലക്ഷം തിരികെ ആവശ്യപ്പെട്ട് സമീറിനെ മൻസൂർ വീണ്ടും സമീപിച്ചതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. മൻസൂറിന്റെ കൈവശമുണ്ടായിരുന്ന കാൽലക്ഷം രൂപ തട്ടിയെടുത്ത സംഘം പോലീസിൽ പരാതി നൽകിയാൽ കഞ്ചാവ് കേസ്സിൽ കുടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ബേഡകം ഹണിട്രാപ്പ് കേസ്സിൽ റിമാന്റിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.