ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത ഹണിട്രാപ്പ് കേസ്സിൽപ്പെട്ട കാഞ്ഞങ്ങാട്ടെ ഭർതൃമതിയെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ അബ്ബാസിന്റെ ഭാര്യ പി. സുബൈദയാണ് 39, അറസ്റ്റിലായത്. ഹണിട്രാപ്പ് കേസ്സിൽ ഒന്നാം പ്രതിയാണ് സുബൈദ. ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്ഐമാരായ എം. എം. ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ ഒഴിഞ്ഞവളപ്പിലെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത യുവതിയെ കണ്ണൂർ തോട്ടടയിലെ പ്രത്യേക വനിതാ ജയിലേക്കയച്ചു. ഹണിട്രാപ്പിന്റെ ആസൂത്രകനും, കേസ്സിലെ മൂന്നാം പ്രതിയുമായ പള്ളിക്കര സ്വദേശി കബീർ എന്ന ലാലാകബീറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാണ്. ബേഡകം ബാലനടുക്കത്തെ സക്കറിയ മൻസിലിൽ മൂസയെ 55, ഹണിട്രാപ്പിൽ കുടക്ക് 5.45 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്.
സപ്തംബർ 23-ന് മൂസയുടെ വീട്ടിലെത്തിയ പ്രതികൾ സ്ത്രീകൾക്കൊപ്പം നിർത്തി മൂസയുടെ ഫോട്ടോയെടുക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത അഞ്ച് ലക്ഷത്തിലേറെ രൂപയിൽ നിന്നും പ്രതിഫലമായി ലാലാകബീർ അരലക്ഷം രൂപ സുബൈദയ്ക്ക് നൽകിയിരുന്നു. കേസ്സിലെ മറ്റൊരു പ്രതിയായ ആവിക്കര ക്വാർട്ടേഴ്സിൽ താമസിക്കുന്ന സബീനയെ അടുത്ത ദിവസം അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
ലാലാകബീറിന്റെ ഭാര്യയാണ് സബീന.ഭർത്താവും മൂന്ന് മക്കളും മരുമകനുമുള്ള സ്ത്രീയാണ് സുബൈദ. ഭർത്താവിനെ കൂടാതെ മകനും, മകളുടെ ഭർത്താവും ഗൾഫിലാണ്. മകൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. സാമ്പത്തികമായി ഉയർന്ന നിലയിലാണ് യുവതിയുടെ ജീവിതം. ഏതാനും മാസം മുമ്പാണ് ഹണിട്രാപ്പ് സംഘത്തിനൊപ്പം ചേർന്നത്.
സബീന വഴിയാണ് ലാലാകബീറുമായി ബന്ധം സ്ഥാപിച്ചതെന്ന് സുബൈദ പോലീസിനോട് പറഞ്ഞു. നീലേശ്വരം ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ സബീനയെ പരിചയപ്പെടുത്തുകയായിരുന്നു. കബീറുമായി പിണങ്ങി നീലേശ്വരത്തെത്തിയ സബീനയെ ഒഴിഞ്ഞവളപ്പിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് ദിവസത്തിന് ശേഷം സബീനയെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടിലെത്തിയപ്പോഴാണ് ലാലാകബീറുമായി പരിചയപ്പെട്ടതെന്ന് സുബൈദ പോലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും പോലീസ് മൊഴി പൂർണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.