മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ഹോംഗാർഡിനെതിരെ കയ്യേറ്റ ശ്രമം

ചെറുവത്തൂർ: മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്നത് ചോദ്യം  ചെയ്ത ഹോംഗാർഡിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പടന്ന സ്വദേശിയെ, സംഭവം  നേരിൽക്കണ്ട കോൺഗ്രസ് നേതാക്കൾ തടഞ്ഞു നിർത്തി പോലീസിൽ വിവരമറിയിക്കുന്നതിനിടെ യുവാവ് കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഇന്നലെ ചെറുവത്തൂർ ബസ്റ്റാന്റിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ചന്തേര പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഞ്ഞിരാമനെയാണ് കാറിലെത്തിയ പടന്ന സ്വദേശിയായ യുവാവ് അഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്തത്. മാസ്ക് ധരിക്കാതെ കാറോടിച്ചത് ഹോംഗാർഡ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

കാറിൽ നിന്നിറങ്ങി വന്ന യുവാവ് ഹോംഗാർഡ് കുഞ്ഞിരാമനെ കയ്യേറ്റം ചെയ്യാൻ മുതിരുന്നത് നേരിൽക്കണ്ട ചെറുവത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. രാജശേഖരൻ, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സഞ്ജീവൻ മടിവയൽ എന്നിവർ  സ്ഥലത്തെത്തി യുവാവിനെ തടഞ്ഞു നിർത്തിയ  ശേഷം പോലീസിൽ വിവരമറിയിച്ചു.

വിവരമറിഞ്ഞയുടൻ ചന്തേര എസ് ഐ മെൽവിൻ ജോസും സംഘവും സ്ഥലത്തെത്തുന്നതിനിടെ യുവാവ് കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാർ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. ക്വാറന്റൈൻ കാലാവധിക്ക് ശേഷം പുറത്തിറങ്ങിയ യുവാവാണ് ചെറുവത്തൂരിൽ ഹോംഗാർഡിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് വിവരമുണ്ട്.

ചന്തേര പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഞ്ഞിരാമനോട് വളരെ മോശമായ രീതിയിൽ പെരുമാറിയ യുവാവിനെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സഞ്ജീവൻ മടിവയൽ ആവശ്യപ്പെട്ടു.

Read Previous

ജില്ലയിലെ മത്സ്യ-ഇറച്ചി മാർക്കറ്റുകൾ അടച്ചു, കോട്ടച്ചേരി മീൻ മാർക്കറ്റ് പോലീസ് അടപ്പിച്ചു

Read Next

പ്രധാനമന്ത്രിയെ അപമാനിച്ചതിന് കേസ്സ്