ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ വർധിപ്പിക്കാനുള്ള നിർദേശം നടപ്പാക്കാത്തതിന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി. കോടതി ഉത്തരവ് മാനിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ വർദ്ധിപ്പിക്കാൻ 2012 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കർണാടക മാതൃകയിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർധിപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. 3.07 മടങ്ങ് വർദ്ധനവാണ് നിർദ്ദേശിച്ചത്. ജോലി ചെയ്തിരുന്ന തസ്തികയുടെ പുതുക്കിയ ശമ്പള സ്കെയിലിന്റെ 50 ശതമാനമെങ്കിലും പെൻഷനായി നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൂന്ന് മാസത്തിനകം ഈ നിർദ്ദേശം നടപ്പാക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഈ നിർദ്ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ച് വരുത്തേണ്ടിവരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.