ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം. സി. ഖമറുദ്ദീൻ എംഎൽഏയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എംഎൽഏയുടെ നേതൃത്വത്തിൽ നടന്ന നിക്ഷേപത്തട്ടിപ്പിൽ ഗൂഢാലോചനകളെക്കുറുച്ച് വിശദമായി അന്വേഷിക്കണമെന്നും ജാമ്യം നൽകിയാൽ പ്രതി പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും, ചൂണ്ടിക്കാട്ടി സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.
ഖമറുദ്ദീനെ ചില കേസുകളിൽക്കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടുതൽ പരാതികളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യമനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി എംഎൽഏയുടെ ജാമ്യാപേക്ഷ തള്ളിയത്.
ഖമറുദ്ദീന് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ജഡ്ജ് ജസറ്റിസ് അശോക്മേനോനാണ് ഖമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം വിധി പ്രഖ്യാപിച്ചത്. സർക്കാരിന് വേണ്ടി ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹാജരായി.
അതേസമയം, ഏഴ് കേസുകളിൽക്കൂടി ഹൊസ്ദുർഗ് കോടതി എം. സി. ഖമറുദ്ദീനെ ഇന്ന് റിമാന്റ് ചെയ്തു. 36 കേസുകളിൽ റിമാന്റ് കാലാവധി നീട്ടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഖമറുദ്ദീൻ. നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി. കെ. പൂക്കോയയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ട് തട്ടിപ്പിനിരയായ നിക്ഷേപകർ ഇന്ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് 200 മീറ്റർ അകലെ പോലീസ് തടഞ്ഞു.
സ്ത്രീകളടക്കമുള്ള നിക്ഷേപകർ ഇന്ന് മാർച്ചിൽ പങ്കെടുത്തു. നവമ്പർ മാസത്തിലാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ എം. സി. ഖമറുദ്ദീൻ എംഎൽഏയെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ കേസിലെ പ്രധാന പ്രതിയായ ടി. കെ. പൂക്കോയ കൂട്ടു പ്രതിയും, ജ്വല്ലറി മാനേജരുമായ സൈനുൽ ആബിദുമൊത്ത് ഒളിവിൽപ്പോയി.
പൂക്കോയയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം കർണ്ണാടകയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളെ കണ്ടെത്താനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു. പൂക്കോയയുമായി അടുത്ത ബന്ധമുള്ള ചിലർ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.