മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച 3 ജില്ലകളില്‍ അതിശക്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതർ നിര്‍ദേശിക്കുന്നതിനനുസരിച്ച് മാറിത്താമസിക്കണം. ഇടുക്കി ജില്ലയിലെ തൊടുപുഴ കുടയത്തൂരിൽ ഇന്ന് രാവിലെ ഉരുൾപൊട്ടലുണ്ടായി. സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കല്‍ കോളനിയിലെ സോമന്‍ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്‍, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം മഴക്കെടുതി രൂക്ഷമാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ചെറിയ തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.

K editor

Read Previous

കൊറിയൻ നടി യൂ ജൂ-ഇൻ അന്തരിച്ചു; ആത്മഹത്യാക്കുറിപ്പ് പുറത്ത്

Read Next

പപ്പടം കിട്ടിയില്ല ; ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ കൂട്ടത്തല്ല്