കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ജീവനക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമാണെങ്കിൽ ആരാണ് കെ.എസ്.ആർ.ടി.സിയെ ഏറ്റെടുക്കുകയെന്നും കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ച് അച്ഛനോടും മകളോടും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. കേസിന്‍റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. കേസ് നാളെ ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.

എന്നാൽ കാട്ടാക്കടയിൽ വിദ്യാർത്ഥി കൺസഷന് എത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പ്രതികളാരും ഇതുവരെ അറസ്റ്റിലായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി അനിലിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പും കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.

K editor

Read Previous

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാൻ കേന്ദ്ര ശ്രമം; ഗവർണർക്കെതിരെ മുഖ്യമന്ത്രി വീണ്ടും

Read Next

കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് രാഹുൽ ഗാന്ധി