ജോഡോ യാത്രയോടെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതിൽ സന്തോഷം: വിരമിക്കല്‍ സൂചന നൽകി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്ര പാർട്ടിയുടെ വളർച്ചയിലെ ഒരു വഴിത്തിരിവാണെന്നും ഈ യാത്രയോടെ തന്‍റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ കോൺഗ്രസ് പ്ലീനറി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

“എന്നെ വളരെയധികം സന്തോഷിപ്പിക്കുന്ന കാര്യം ഭാരത് ജോഡോ യാത്രയോടെ എന്‍റെ ഇന്നിങ്സ് അവസാനിക്കും എന്നതാണ്. ഭാരത് ജോഡോ യാത്ര ഒരു വലിയ വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുവെന്ന് യാത്രയിലൂടെ തെളിഞ്ഞു. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അവർക്ക് വേണ്ടി പോരാടാൻ തയ്യാറാണെന്നും യാത്ര കാണിച്ചുതന്നു. യാത്രയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയ്ക്ക്. രാഹുലിന്‍റെ നിശ്ചയദാർഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തിൽ നിർണായകമായത്,” സോണിയ ഗാന്ധി പറഞ്ഞു.

കോൺഗ്രസിനും രാജ്യത്തിനും ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി-ആർഎസ്എസും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുകയാണ്. എതിർ ശബ്ദങ്ങളെ അവർ നിശബ്ദമാക്കി. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക തകർച്ചയ്ക്ക് കാരണമാക്കി. രാജ്യത്ത് ഭയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും തീ ആളിക്കത്തിക്കുകയാണെന്നും സോണിയ പറഞ്ഞു.

K editor

Read Previous

പ്രവർത്തക സമിതിയിൽ 35 അംഗങ്ങൾ; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയ്യാറെന്ന് ഖാർഗെ

Read Next

തമിഴ് നാടുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ സർവേ തുടങ്ങി