കാല്‍നടയായി ഹജ്ജ് യാത്ര; പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ് ചോറ്റൂര്‍

ഹജ്ജിനായി മക്കയിലേക്കുള്ള കാല്‍നടയാത്രക്കിടെ പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചെന്ന വാർത്തകൾ ശിഹാബ് ചോറ്റൂര്‍ നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് ശിഹാബ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ ആവശ്യപ്പെട്ട് ഇതുവരെ പാകിസ്ഥാൻ കോടതിയെ സമീപിച്ചിട്ടില്ല. ശിഹാബിന് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് പൗരനാണ് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി തള്ളിയത്. ഇത്തരം വ്യാജ വാർത്തകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ശിഹാബ് അഭ്യർത്ഥിച്ചു.

എത്രയും വേഗം യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് പറഞ്ഞു. കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പഞ്ചാബിലെ വാഗാ അതിർത്തിയിൽ എത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാക് ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ഒരു പാക് പൗരൻ ശിഹാബിനായി ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ത്യൻ പൗരനായ ശിഹാബുമായി പരാതിക്കാരനു യാതൊരു ബന്ധവുമില്ലെന്നും ഹർജി സമര്‍പ്പിക്കാനുള്ള പവർ ഓഫ് അറ്റോർണി ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് ജൂൺ രണ്ടിനാണ് കാൽനടയായി ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാൽനടയായി യാത്ര ചെയ്ത ശിഹാബിന് പലയിടത്തും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലപ്പുറത്ത് നിന്ന് മക്കയിലേക്കുള്ള ദൂരം 8000 കിലോമീറ്ററിലധികം വരും.

K editor

Read Previous

താരാരാധന നടത്താൻ അവകാശമുണ്ട്; തീരുമാനം വ്യക്തികളുടേത്, മതസംഘടനകളുടേതല്ലെന്ന് മന്ത്രി

Read Next

ഓഷ്യൻസാറ്റ്-3 വിക്ഷേപണം ശനിയാഴ്ച; ഒപ്പം ഭ്രമണപഥത്തിലെത്തുക 8 ചെറു ഉപഗ്രഹങ്ങൾ