നേര്യമംഗലം വനമേഖലയിൽ ‘തോക്കുധാരികളെ കണ്ടു’: തിരച്ചിലുമായി പൊലീസ്

അടിമാലി: നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തെ അഞ്ചാം മൈൽ ഭാഗത്ത് തോക്കുധാരികളെ കണ്ടതായും മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു.

ഇന്നലെ പുലർച്ചെ നാല് മണിയോടെ നേര്യമംഗലം അഞ്ചാം മൈൽ വഴി അടിമാലിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന്‍റെ ഡ്രൈവർ നാലംഗ സംഘത്തെ കണ്ടതായി വെളിപ്പെടുത്തി. സൈന്യത്തിന്റേതിന് സമാനമായ വസ്ത്രം ധരിച്ച നാലംഗ സംഘത്തിൽ ഒരാൾ സ്ത്രീയാണെന്ന് പറയപ്പെടുന്നു. വനംവകുപ്പും പൊലീസും ഇന്നലെ മുതൽ പ്രദേശത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

വാളറ റേഞ്ചിന് കീഴിലുള്ള ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വനംവകുപ്പ് ഉദ്യോഗസ്ഥർ അഞ്ചാം മൈൽകുടി, കുളമാങ്കുഴി കുടി എന്നിവിടങ്ങൾ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ആദിവാസികൾക്ക് ഇതേക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

മലയാറ്റൂരിനെ ബന്ധിപ്പിക്കുന്ന വനമേഖലയിൽ ഇന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. മാവോയിസ്റ്റ് ഗ്രൂപ്പാണെന്ന തരത്തിൽ പ്രദേശത്ത് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇത് നായാട്ട് സംഘമാണെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.

K editor

Read Previous

മാണിയാട്ട് നാടകമേളയ്ക്ക് സ്ത്രീകളുടെ തള്ളിക്കയറ്റം

Read Next

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍; വിഷയത്തിൽ ഇടപെടുമെന്ന് ഗവര്‍ണര്‍