ഗൾഫ് സമ്മാനപ്പെട്ടിയും ഓർമ്മകളിലേക്ക്

NRI

എല്ലാം മാറും. മാറ്റമില്ലാതെ മാറ്റം മാത്രമേ ഉണ്ടാകൂ എന്ന മാര്‍ക്സിയന്‍ ചൊല്ല് മലയാളിയുടെ ഗള്‍ഫ് സമ്മാനപ്പെട്ടിക്കു മാത്രം ഒരിക്കലും ബാധകമാകില്ലെന്ന നമ്മുടെ ധാരണയും തെറ്റി.

പ്രവാസലോകത്തു നിന്നും മലയാളി അവധിക്കെത്തുമ്പോള്‍ വീട്ടിലും നാട്ടിലും എന്തൊരു ആഘോഷമായിരുന്നു. ഇത്തവണ പ്രവാസി മടങ്ങിയെത്തുന്നത് ആകുലതകളുടെ തീരത്തേക്ക്. അവരുടെ വീടകങ്ങളില്‍ തേങ്ങലിന്റെ കടലിരമ്പം.

നഷ്ടബോധത്തിന്റെ വേലിയേറ്റം. എല്ലാം മാറും, ഗള്‍ഫ് മാത്രം മാറാതെ എന്നും പ്രവാസിയെ കാത്തുകൊള്ളും എന്ന നമ്മുടെ അഹങ്കാരമാണ് വീണുടഞ്ഞിരിക്കുന്നത്. പ്രവാസി മടങ്ങിവരുന്ന ആഘോഷക്കാലം ഇനി മടങ്ങിവരാനിടയില്ലെന്ന് ആ കുടുംബങ്ങളുടെ തിരിച്ചറിവിന്റെതാണ് കൊറോണക്കാലം.

പ്രവാസി വരുന്നത് സ്നേഹം കുത്തിനിറച്ച ഭാരിച്ച സമ്മാനപ്പെട്ടികളുമായായിരുന്നു. അവയ്ക്കുള്ളിലെ ഓരോ സമ്മാനത്തിലും ഒരു ബന്ധുവിന്റെ, മിത്രത്തിന്റെ ഓര്‍മ്മപ്പേരുണ്ടായിരിക്കും. മണലാരണ്യത്തിലെ തീക്കനല്‍ ചൂടില്‍ പണി ചെയ്യുമ്പോള്‍ രണ്ടാണ്ടിലൊരിക്കല്‍ കിട്ടുന്ന രണ്ട് മാസത്തെ അവധിക്ക് വരുമ്പോള്‍ മുണ്ടു മുറുക്കിയുടുത്തും മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ചും വാങ്ങിക്കൂട്ടുന്ന സമ്മാനങ്ങള്‍ കുത്തിനിറച്ച ആ പെട്ടികളില്‍ പിതാവിന് ഒരു ബഹുവര്‍ണ്ണ കമ്പിളിപ്പുതപ്പുണ്ടാവും.

മാതാവിന് വാസനസോപ്പും പൗഡറും. കുട്ടികള്‍ക്ക് ചോക്കലേറ്റും ഈത്തപ്പഴവും ഭാര്യയ്ക്ക് ഒരു സാരി (നാട്ടില്‍ ആയിരം രൂപയ്ക്ക് കിട്ടുന്ന സാരിയാണ് നാലായിരം രൂപ നല്കി ഗള്‍ഫില്‍ നിന്നും കൊണ്ടുവരുന്നത്. ഗള്‍ഫ് സാരിയുടെ ഗമ ഒന്നു വേറെ തന്നെയല്ലേ!)യും ബ്രൂട്ട്സ്പ്രേയും ചങ്ങാതിമാര്‍ക്ക് സ്കോച്ചിന്റെ കുപ്പികള്‍. അങ്ങനെയങ്ങനെ സമ്മാനപ്പെട്ടിയിലെ വിഭവങ്ങളുടെ പട്ടിക നീളുന്നു. പ്രവാസി കൊണ്ടുവരുന്ന സമ്മാനപ്പെട്ടി തുറക്കുന്ന ചടങ്ങുതന്നെ ഒരു ആഘോഷമായിരിക്കും. ചുറ്റും കൂടിനില്ക്കുന്ന ബന്ധുമിത്രാദികളുടെയെല്ലാം കണ്ണ് ഗള്‍ഫ് പെട്ടിയിലായിരിക്കും.

കഴിഞ്ഞ അവധി കഴിഞ്ഞ് ഗള്‍ഫിലെത്തിയതിന്റെ പിറ്റേന്നു മുതല്‍ സ്വരുക്കൂട്ടിയ സമ്മാനസമ്പാദ്യങ്ങള്‍ ചുറ്റുംകൂടി നില്ക്കുന്നവര്‍ക്ക് പ്രവാസി സ്നേഹപൂര്‍വ്വം പങ്കുവച്ചു നല്കുമ്പോള്‍ ഇതെല്ലാമുണ്ടാക്കാന്‍ പ്രവാസി അനുഭവിച്ച ത്യാഗമുണ്ടോ സമ്മാനം കിട്ടിയവര്‍ അറിയുന്നു. എങ്കിലും ഗള്‍ഫുകാരന്റെ സ്നേഹസമ്മാനപ്പെട്ടി തുറക്കല്‍ ചടങ്ങ് ഒരാചാരപ്പൊലിമയോടെ നിലനില്ക്കുമായിരുന്നു.

പക്ഷേ സ്നേഹം പങ്കുവയ്ക്കലിന്റെ ആ നല്ല ദിനങ്ങള്‍ ഇനി ഓര്‍മ്മത്താളുകളിലേക്ക്. കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കയ്യില്‍ ചില്ലിക്കാശില്ലാതെ ഒരു ടിന്‍ പൗഡറോ ഒരു സോപ്പോ ഒരു പൊതി ചോക്കലേറ്റോ പോലും വാങ്ങാന്‍ പാങ്ങില്ലാതെയാണ് ഇത്തവണ പ്രവാസിയുടെ മടക്കയാത്ര.

അവന്റെ സമ്മാനപ്പെട്ടിയിലുള്ളത് ഉടുത്തു പഴകിയ കുറേ വസ്ത്രങ്ങള്‍ മാത്രം. ഗള്‍ഫുകാരന്റെ പെട്ടി തുറക്കുന്ന ചടങ്ങുമില്ല, ചുറ്റും കൂടുന്ന ബന്ധു സുഹൃദ് ജനങ്ങളുടെ ആഘോഷാരവവുമില്ല. പകരം നെടുവീര്‍പ്പുകള്‍. കയ്യില്‍ ഒരു പാസ്പോര്‍ട്ടും വിസയുമായി കടല്‍ കടന്ന് ഗള്‍ഫിലെത്തിയ പ്രവാസികള്‍ അതേപടി തന്നെ വിസയില്ലാതെ പാസ്പോര്‍ട്ടും പിരിച്ചുവിടല്‍ സര്‍ട്ടിഫിക്കറ്റുമായി മടങ്ങിവരുന്നു. പ്രവാസ ചരിത്രത്തിലെ അസാധാരണവും വേദനാജനകവുമായ തിരിച്ചൊഴുക്ക്.

രണ്ട് ലക്ഷത്തോളം പേര്‍ തൊഴിലില്ലാതെ പോറ്റമ്മ നാട്ടില്‍ നിന്നു മടങ്ങുമ്പോള്‍ ഇവരെയെല്ലാം എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് ആകുലപ്പെടുന്ന പെറ്റമ്മ. നല്ല നാളുകളില്‍ അവര്‍ നമുക്കയച്ച പണം നമുക്ക് കെെത്താങ്ങായി. അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ സ്നേഹപ്പൂക്കളായി. അവയെല്ലാം ഓര്‍ത്തു മടങ്ങിവരുന്ന പ്രവാസികളെ നമുക്ക് നെഞ്ചോടു ചേര്‍ത്തുപിടിക്കാം. ഞങ്ങളുടെ നാട്ടില്‍ തങ്കപ്പന്‍ എന്ന ഒരു സഖാവുണ്ട്. കുട്ടിക്കാലത്ത് ഏലായില്‍ ഉത്സവകാലത്ത് പിതാവ് കുട്ടന്‍ പണിക്കര്‍ മകന് ഒരു രൂപ നല്കും. പൊരിയുണ്ടയും മുറുക്കും ബലൂണും പീപ്പിയുമൊക്കെ വാങ്ങാന്‍. ഒരു രൂപയെന്നാല്‍ അന്ന് പതിനാറണ.

പിന്നീട് നയാപെെസക്കാലമായപ്പോഴും തങ്കപ്പന് കിട്ടുന്നത് ഒരു രൂപ അഥവാ നൂറു പെെസ. ക്ലാസില്‍ കണക്കില്‍ മിടുക്കനായ തങ്കപ്പന്‍ 100 പെെസ അക്കത്തില്‍ എഴുതി നോക്കും. പത്തു രൂപ കിട്ടിയിരുന്നെങ്കിലോ എന്നാശിച്ച് ഒരു പൂജ്യം കൂടി ചേര്‍ത്ത് 1000 എന്ന് എഴുതിയതു നോക്കി ആസ്വദിക്കും.

പിന്നെയും പിന്നെയും പൂജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആ സംഖ്യ എത്രയെന്ന് തിരിച്ചറിയാന്‍ വയ്യാത്തതുവരെ തങ്കപ്പനെത്തും. പൂജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകളിച്ച ആ തുകകള്‍ മാത്രം തങ്കപ്പന്‍ ഇതുവരെ കണ്ടിട്ടില്ല. എണ്‍പതുകാരനായ തങ്കപ്പന്‍ കണിയാപുരം പടിഞ്ഞാറ്റുമുക്കില്‍ ഇന്നും ഒരു മുറുക്കാന്‍ കടയുമായി കഴിയുന്നു; പൂജ്യത്തിനൊന്നും മനുഷ്യജന്മത്തില്‍ വലിയ വിലയൊന്നുമില്ലെടേ എന്ന് ആത്മഗതം കൂറിക്കൊണ്ട്.

കൊറോണക്കാലത്തെ മോഡിയുടേയും നിര്‍മ്മലാ സീതാരാമന്‍ അക്കങ്ങളും പൂജ്യങ്ങളുംകൊണ്ടുള്ള കളികള്‍ കണ്ടപ്പോഴാണ് തങ്കപ്പന്‍ അമ്മാവനെ ദേവിക ഓര്‍ത്തുപോയത്. പൂജ്യത്തിന്റെ അര്‍ത്ഥം ഒന്നുമില്ലായ്മയെന്നുകൂടിയാണ്. ഈ അസ്തിത്വമില്ലായ്മയാണ് പൂജ്യത്തിന്റെ അസ്തിത്വം ഉണ്ടാക്കുന്നതെന്നും അങ്ക ഗണിതശാസ്ത്രം പറഞ്ഞുതരുന്നു.

പൂജ്യമില്ലെങ്കില്‍ 10 എങ്ങനെയുണ്ടാകും? പൂജ്യമില്ലെങ്കില്‍ 1,00,000എങ്ങനെയുണ്ടാകുമെന്നും ഗണിതശാസ്ത്ര ചോദ്യമുയരുന്നു. അപ്പോള്‍ എഴുതിക്കളിക്കാനുള്ള ഒരു ചിഹ്നമാണ് മുട്ടപോലെയോ ‘O’ പോലെയോ ഉള്ള പൂജ്യമെന്ന് ഇപ്പോള്‍ മനസിലായി.

സഖാവ് തങ്കപ്പന്‍ പണ്ടേ ചെയ്തതുപോലുള്ള പൂജ്യമെഴുത്തുകളിയാണ് മോഡിയും നിര്‍മ്മലാ അക്കാളും ചേര്‍ന്ന് നടത്തുന്നത്. ഈ പൂജ്യമെഴുതിക്കളിയിലൂടെ കൊറോണ ദീനം വരുത്തിവച്ച കേടുകള്‍ തീര്‍ക്കാമെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ബോബന്‍-മോളിമാര്‍ പറയുന്നു.

ആദ്യം പറഞ്ഞത്. 1.7 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് നടപ്പാക്കുമെന്ന്. ജനങ്ങള്‍ ഈ മഹാസംഖ്യയിലെ പൂജ്യങ്ങള്‍ തങ്കപ്പന്‍ മാമനെപ്പോലെ എണ്ണുന്നതിനിടെ ദേ, വരുന്നു മറ്റൊരു ഉത്തേജനം. ഇത്തവണ 20 ലക്ഷം കോടിയുടെ ഉദ്ധാരണ പദ്ധതി.
ജനങ്ങള്‍ പൂജ്യമെഴുതി മടുത്തു. മോഡിയുടെ ഈ സംഖ്യയില്‍ 13 പൂജ്യമുണ്ടെന്ന് ചിലര്‍ പറയുന്നു.

ഈ പൂജ്യങ്ങള്‍ തിന്നാല്‍ പട്ടിണി കിടന്നു മരിക്കുന്ന ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ വയറുനിറയുമോ. പണ്ട് അധികാരത്തിലേറാന്‍ കാലത്ത് ഇന്ത്യയിലെ ഓരോ പൗരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്നു പറഞ്ഞു പറ്റിച്ച കഥയ്ക്ക് ഇത്തവണ 13 പൂജ്യംകൊണ്ട് മറ്റൊരു നമ്പര്‍.

Write
ദേവിക

LatestDaily

Read Previous

പൂട്ട് തുറന്ന് കേരളം

Read Next

അഞ്ജന ഭയപ്പെട്ട അയാൾ ആര്?