ഗുജറാത്ത് തിരഞ്ഞെടുപ്പ്; പ്രചാരണച്ചൂടിൽ പ്രമുഖ പാർട്ടികള്‍‌

അഹമ്മദാബാദ്: ഡിസംബർ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രചാരണച്ചൂടിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാർട്ടി പ്രചാരണം നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മൂന്ന് റാലികളെ അഭിസംബോധന ചെയ്തു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരേന്ദ്രനഗര്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നവ്‌സാരി, ബറൂച്ച് എന്നീ സ്ഥലങ്ങൾ മോദി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. അമിത് ഷായും ജെ.പി നദ്ദയും ചൊവ്വാഴ്ച 4 റാലികളെ അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി അറിയിച്ചു.

മഹാരാഷ്ട്രയിൽ പുരോഗമിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യിൽ നിന്ന് അവധിയെടുത്ത രാഹുൽ ഗാന്ധി തിങ്കളാഴ്ചയാണ് ഗുജറാത്തിൽ എത്തിയത്. നവംബർ 12ന് തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രാഹുൽ പ്രചാരണത്തിനിറങ്ങിയില്ല. തിങ്കളാഴ്ച ഗുജറാത്തിലെത്തിയ രാഹുൽ സൂറത്തിലും രാജ്‌കോട്ടിലും റാലികളെ അഭിസംബോധന ചെയ്തിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, രമേശ് ചെന്നിത്തല എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നവംബർ 20 മുതൽ സംസ്ഥാനത്ത് തുടരുന്ന അരവിന്ദ് കെജ്‌രിവാള്‍ ചൊവ്വാഴ്ച കാംഭാലിയയിൽ റാലിയെ അഭിസംബോധന ചെയ്യും.

K editor

Read Previous

മലപ്പുറം ഡിസിസിയില്‍ തരൂരിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍; വിട്ടുനിന്ന് നേതാക്കള്‍

Read Next

അമ്പരപ്പിക്കാൻ അവതാർ 2; അവസാന ട്രെയ്‌ലറും എത്തി