ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; പൊലീസുകാർക്കെതിരെ നടപടിയെന്ന് എസ് പി

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. സുരക്ഷാ ക്രമീകരണങ്ങളുള്ള ശുചിമുറിക്ക് പകരം മറ്റൊരു ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. അവിടെ നിന്നാണ് പ്രതി അണുനാശിനിയായ ലൈസോൾ കുടിച്ചത്.

ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും എസ്പി പറഞ്ഞു. താൻ അണുനാശിനി കഴിച്ചതായി ഗ്രീഷ്മ തന്നെ പറഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റ് എത്തി ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും. അതിനുശേഷമേ തെളിവെടുപ്പ് നടക്കൂ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകുമോ എന്ന് പറയാൻ ഇപ്പൊൾ സാധിക്കില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി അറിയിച്ചു.  

ഗ്രീഷ്മ (22) രണ്ടാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്നും കഷായത്തിൽ വിഷം കലർത്തിയതാണെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. കഷായത്തിൽ തുരിശിന്‍റെ അംശങ്ങൾ അടങ്ങിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും കേസന്വേഷണത്തിൽ നിർണ്ണായകമായിരുന്നു. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ഇനിയും ചില കാര്യങ്ങൾ കൂടി വ്യക്തമാകാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. 

K editor

Read Previous

അതിജീവിതയെ അപമാനിക്കുന്നത്; രണ്ട് വിരല്‍ പരിശോധന വിലക്കി സുപ്രീം കോടതി

Read Next

നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി