റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്ന സര്‍ക്കാരുകള്‍ പരിഹാര നടപടി സ്വീകരിക്കണം;സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട സെക്ഷൻ 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാന സർക്കാരുകൾ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

റദ്ദാക്കിയ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതിനെതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സെക്ഷൻ 66 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ചില സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരെ സമീപിച്ച് പരിഹാര നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത്. 2015 മാർച്ച് 14നാണ് നിയമവിദ്യാർത്ഥിനി ശ്രേയ സിംഗാൾ നൽകിയ ഹർജിയിൽ ഐടി ആക്ടിലെ സെക്ഷൻ 66 എ സുപ്രീം കോടതി റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദ വകുപ്പ് കോടതി റദ്ദാക്കിയത്.

K editor

Read Previous

എവിടെ പോയാലും നായ്ക്കളുടെ ശല്യം; ദൈവത്തിന്റെ സ്വന്തം നാട് അപകടകരമായ സ്ഥിതിയിലെന്ന് വി ഡി സതീശൻ

Read Next

ഇട്ടമ്മൽ പാദസരക്കവർച്ചയ്ക്ക് പൂച്ചക്കാട് കവർച്ചയുമായി സാമ്യം