പാർലമെന്‍റ് മന്ദിരത്തിന്‍റെ രേഖാചിത്രങ്ങൾ പങ്കുവെച്ച് സർക്കാർ; ഉദ്ഘാടനം ഈ വർഷം മാർച്ചിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ രേഖാചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കുന്നത്. 2020 ൽ 861.9 കോടി രൂപക്കാണ് ടാറ്റ പ്രോജക്ട്സ് പദ്ധതിയുടെ കരാർ നേടിയത്.

888 സീറ്റുകളുള്ള ലോക്സഭാ ഹാൾ, 384 സീറ്റുകളുള്ള രാജ്യസഭ ഹാൾ, എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസ് സൗകര്യം, വിശാലമായ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, ലൈബ്രറി എന്നിവ പുതിയ കെട്ടിടത്തിൽ ഉൾപ്പെടും. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യതയെ അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണങ്ങൾ. നിലവിലുള്ള പാർലമെന്‍റ് മന്ദിരത്തേക്കാൾ 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പാർലമെന്‍റ്. മൊത്തം വിസ്തീർണ്ണം 64,500 ചതുരശ്ര മീറ്റർ ആയിരിക്കും. നാല് നിലകളുള്ള കെട്ടിടത്തിനു ആറ് കവാടങ്ങളുണ്ടാകും.

2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു.

K editor

Read Previous

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Read Next

സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി