സർക്കാർ മെഡിക്കൽ പാനൽ റിപ്പോർട്ട് പുറത്തുവന്നു ശബ്നയുടെ കുടൽ മുറിഞ്ഞത് സിസേറിയൻ പിഴവുമൂലം

കാഞ്ഞങ്ങാട് : സിസേറിയൻ ശസ്ത്രക്രിയയിൽ അജാനൂർ പള്ളോട്ടെ യുവഭർതൃമതി ശബ്നയുടെ 30, ചെറുകുടലിൽ കത്തി കൊണ്ട് മുറിവു പറ്റിയതായി വിദഗ്ധ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ട്. 2020 ജൂൺ 20-നാണ് അജാനൂർ കുശവൻ കുന്നിലുള്ള സൺറൈസ് ആശുപത്രിയിൽ ശബ്നയെ പ്രസവ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഗർഭാശയരോഗ വിദഗ്ധൻ ഡോ. രാഘവേന്ദ്രപ്രസാദാണ് പൂർണ്ണ ഗർഭിണിയായ ശബ്നയെ സിസേറിയൻ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്തത്.

സിസേറിയൻ നടത്താൻ യുവതിയുടെ ഉദരം കീറിയപ്പോൾ, യാദൃശ്ചികമായി കത്തികൊണ്ട് കുടലിൽ മുറിവു പറ്റിയെന്ന് വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സർവ്വീസിലുള്ള മുതിർന്ന ഗർഭാശയരോഗ വിദഗ്ധയും, ജില്ലാ ആശുപത്രിയിലെ മുതിർന്ന സർജനും അടങ്ങുന്ന മെഡിക്കൽ പാനൽ ബോർഡിന്റെ റിപ്പോർട്ട് ഡിസംബർ 4-ന് പോലീസ് അന്വേഷണ സംഘത്തിന് ലഭിച്ചു.

ചെറുകുടലും വൻകുടലും ചേരുന്നിടത്താണ് മുറിവു പറ്റിയതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.  ജൂൺ 20-ന് സിസേറിയൻ നടന്നു. അതികഠിനമായ ഉദര വേദന അസഹ്യമായതിനെ തുടർന്ന് 23-ന് സർജൻ ഗിരിധർറാവു ശബ്നയെ ഇതേ ആശുപത്രിയിൽ വീണ്ടും ഉദര ശസ്ത്രക്രിയ നടത്തി.  പത്തു മിനിട്ടു കൊണ്ട് തീരുന്ന ശസ്ത്രക്രിയ എന്ന് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ച് ഗിരിധർ രണ്ടാം ദിവസം നടത്തിയ ശസ്ത്രക്രിയ രണ്ടര മണിക്കൂർ നീണ്ടുനിന്നു.

ചെറുകുടലും വൻകുടലും ചേരുന്നിടത്ത് സംഭവിച്ച സുഷിരം സർജൻ തുന്നിക്കെട്ടിയെങ്കിലും, ഈ തുന്നൽ പിന്നീട് പൊട്ടിയതുമൂലമായിരിക്കാം വീണ്ടും യുവതിക്ക് അതികഠിനമായ വേദന ഉണ്ടായതെന്നാണ് മെഡിക്കൽ റിപ്പോർട്ടിലെ പരാമർശം.  സത്യസന്ധമായ മെഡിക്കൽ പാനൽ റിപ്പോർട്ടിന്റെ ബലത്തിൽ ഇനി ഈ കേസ്സ് രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം പോലീസ് തുടർ നടപടികൾ സ്വീകരിക്കും. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേസ്സന്വേഷണ സംഘം ജില്ലാ പോലീസ് മേധാവിക്ക് ശിപാർശ നൽകിയിട്ടുണ്ട്. പോലീസ് മേധാവി ജില്ലാ മെഡിക്കൽ ഓഫീസറോട് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെടും.

പോലീസ് സർജൻ അടക്കമുള്ള അഞ്ചു വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് ശബ്ന കേസ്സ് പരിശോധിച്ച ശേഷം ഇരു ഡോക്ടർമാരുടെയും അറസ്റ്റ് കാര്യത്തിൽ തീരുമാനമുണ്ടാകും. ഇപ്പോൾ ഡോക്ടർ രാഘവേന്ദ്രപ്രസാദിനെയും സർജൻ ഡോ. ഗിരിധർ റാവുവിനെയും പ്രതി ചേർത്ത് ഹൊസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തു വന്ന മെഡിക്കൽ പാനൽ ബോർഡിന്റെ സത്യസന്ധമായ റിപ്പോർട്ട് ശരിയല്ലെന്ന് പറയാൻ ഇനി രൂപീകരിക്കുന്ന പോലീസ് സർജന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന് ഒട്ടും കഴിയില്ല.

ഈ റിപ്പോർട്ട് കേസ്സുമായി ഇനി മുന്നോട്ടുപോകാൻ ക്രൂരതയ്ക്കിരയായ ശബ്നയുടെ കുടുംബത്തിന് ഈ റിപ്പോർട്ട് തുണയാകും. ശബ്നയുടെ ഭർത്താവ് പയ്യന്നൂർ മാവിച്ചേരി സ്വദേശി എഞ്ചിനീയർ ഷാനീദാസിന്റെ പരാതിയിലാണ് ഇരു ഡോക്ടർമാരുടെയും കൈപ്പിഴയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

LatestDaily

Read Previous

ജില്ലാശുപത്രി

Read Next

ശബ്ന ആശുപത്രി രേഖകൾ പോലീസ് പിടിച്ചെടുത്തു