ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താല്ക്കാലിക നിയമനം നൽകിയതിന് പിന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, ചെയർപേഴ്സണായ ഹോസ്പ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണെന്ന് വ്യക്തമായി. ജില്ലാ ആശുപത്രിയിലെ താല്ക്കാലിക നിയമനത്തിന് നാനൂറ്റമ്പതോളം അപേക്ഷകൾ നിലനിൽക്കെയാണ് സിപിഎം ആഭിമുഖ്യമുള്ള 4 പേർക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയിരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
ദിവസവേതന വ്യവസ്ഥയിൽ 4 പേരെയാണ് പാർട് ടൈം സ്വീപ്പർമാരായി നിയമിച്ചിരിക്കുന്നത്. ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന്റെ അധികാരം ആശുപത്രി സൂപ്രണ്ടിനാണെങ്കിലും, കഴിഞ്ഞ കുറെക്കാലമായി സിപിഎം അനുഭാവികൾക്ക് മാത്രം നിയമനം ലഭിക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ കൈ കടത്തലുണ്ടെന്നാണ് ആക്ഷേപം.
ഒരു മാസം മുമ്പാണ് കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാശുപത്രിയിൽ താൽക്കാലിക നിയമനം ലഭിച്ചത്. സംഭവം പുറത്തായതോടെ യൂത്ത് കോൺഗ്രസ് ജില്ലാശുപത്രിയിൽ പ്രതിഷേധം നടത്തിയിരുന്നു. താൽക്കാലിക നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യതയുള്ളവർക്കാണ് നിയമനം നൽകിയതെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അവകാശപ്പെടുന്നതെങ്കിലും, നിയമനത്തിൽ സിപിഎമ്മിന്റെ കൈകടത്തൽ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിൽ ഭൂരിഭാഗവും സിപിഎം അനുഭാവികളാണ്. ഒരിക്കൽ കയറിപ്പറ്റിയാൽ പിന്നീട് പല തസ്തികകളിൽ ഇവർ ജില്ലാശുപത്രിയിൽത്തന്നെ ജോലി ചെയ്യുമെന്നതാണ് നിലവിലത്തെ അവസ്ഥ. ഇത്തരത്തിൽ താൽക്കാലിക നിയമനം ലഭിച്ച് 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന നിരവധി പേർ ജില്ലാശുപത്രിയിലുണ്ട്. ആറ് മാസത്തേക്കാണ് താൽക്കാലിക നിയമനമെങ്കിലും, പാർട്ടി നേതാക്കൻമാരെ സ്വാധീനിച്ച് പലരും അവിടെത്തന്നെ തുടരുകയാണ്.
താൽക്കാലിക നിയമനം ലഭിച്ച് വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരിൽ പലരും സ്ഥിരം ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരെയും, നഴ്സുമാരെയും വരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സംഘടിത ശക്തിയായി വളർന്നതായും ആക്ഷേപമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്ത് വർഷങ്ങളായി ജോലി കാത്തുനിൽക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വയറ്റത്തടിച്ചാണ് ജില്ലാ ആശുപത്രിയിലെ താൽക്കാലിക തസ്തികകളിൽ സിപിഎം അനുഭാവികൾ വർഷങ്ങളായി മൂട്ടകളെപ്പോലെ കടിച്ചു തൂങ്ങുന്നത്. ജില്ലാശുപത്രി താൽക്കാലിക നിയമന ഇന്റർവ്യൂവിന്റെ വിവരങ്ങൾ പലപ്പോഴും പുറം ലോകം അറിയാറില്ലെങ്കിലും, അറിയേണ്ടവർ കൃത്യ സമയത്ത് തന്നെ അറിയുന്നുണ്ട്. പക്ഷേ, ഇവർ സിപിഎം അനുഭാവികളാണെന്ന് മാത്രം.