നബീക്കയുമായി ഗോപി കുറ്റിക്കോൽ ചിത്രീകരണം കാസർകോട്ടും മൈസൂരുവിലും

ഗോപി കുറ്റിക്കോലിന്റെ നാലാമത് സിനിമ നബീക്കയുടെ ചിത്രീകരണം കർക്കിടകം ഒന്നിന് കാസർകോട്ട് ആരംഭിക്കും. മതത്തെയും, മത നിയമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്ത് നിസ്സാര സംഭവങ്ങളെ പർവ്വതീകരിച്ച് വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കുന്നതാണ് സിനിമയുടെ കഥാതന്തു. ഒാറിയോൺ ഫിലിംസിന്റെ ബാനറിൽ ഡോ: മനോജ് ഗോവിന്ദൻ, രാം മനോഹർ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് ഗോപി കുറ്റിക്കോലാണ്.

മഞ്ചേശ്വരം, മൈസൂരു, ഇരിയണ്ണി, കർണ്ണാടക അതിർത്തി പ്രദേശങ്ങളിലാണ് നബീക്കയുടെ ചിത്രീകരണം. സന്തോഷ് കീഴാറ്റൂർ മുഖ്യ വേഷത്തിലെത്തുന്ന സിനിമയിൽ, ജില്ലയിലെ നാടക നടീനടൻമാരാണ് മറ്റ് വേഷങ്ങൾ ചെയ്യുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം അവസാനിക്കും. രണ്ട് കുട്ടികളാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.

ക്യാമറ ജസ്ബിൻ സെബാസ്റ്റ്യൻ, ഗാനരചന മുഹാദ് വെമ്പായം, സംഗീതം ബാലമുരളി, എഡിറ്റിങ്ങ് ഗ്രെയ്സൺ സെബാസ്റ്റ്യൻ. ഒടിടി പ്ലാറ്റ്ഫോമായ എം. ടോക്കീസാണ് വിതരണം ഏറ്റെടുത്തിട്ടുള്ളത്. ജുലായ് 4–ന് കാസർകോട്ട് താളിപ്പടുപ്പിലുള്ള ഉഡുപ്പി ഗാർഡനിലും, ജുലായ് 2–ന് തൃശ്ശൂർ സ്കൂൾ ഒാഫ് ഡ്രാമയിലും ഒഡീഷൻ നടത്തും. ഗോപി കുറ്റിക്കോലിന്റെ മൂന്നാമത് സിനിമയായ എൽമർ ഒാണത്തിന് ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തും.

Read Previous

യൂത്ത് ലീഗ് യോഗത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനം നയ സമീപനങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്നാവശ്യം

Read Next

പാലക്കുന്നിൽ 4 പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം