സ്വർണ്ണം കള്ളക്കടത്ത് നിലച്ചു സ്വർണ്ണവില കുതിച്ചു

കാഞ്ഞങ്ങാട്: സ്വർണ്ണവില കണക്കില്ലാതെ കുതിച്ചുയരാൻ കാരണം ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കുള്ള സ്വർണ്ണം കള്ളക്കടത്ത് നിലച്ചതിനാൽ.

കോവിഡ് രോഗ വ്യാപനം മൂലം ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ കഴിഞ്ഞ മൂന്ന് മാസക്കാലമായി പാടെ നിലച്ചതിനാൽ, വിമാന മാർഗ്ഗമുള്ള സ്വർണ്ണക്കള്ളക്കടത്ത് ഏതാണ്ട് നിലച്ചിരിക്കുകയാണ്. തൽസമയം ഇടയ്ക്കിടെ പറന്നെത്തുന്ന ചാർട്ടേർഡ് വിമാനങ്ങളിൽ ഇപ്പോൾ കള്ളക്കടത്ത് സ്വർണ്ണം എത്താൻ തുടങ്ങി.

സ്വർണ്ണവില ചരിത്രത്തിലില്ലാത്ത വിധം കുതിച്ചുയരുകയാണ്.പവന് 35520 രൂപയാണ് ഇന്നലെവരെയുള്ള സ്വർണ്ണ നിരക്ക്.

അടുത്ത കാലത്തൊന്നും സ്വർണ്ണവില ഇത്രയധികം കുതിച്ചുയർന്ന ചരിത്രമില്ല.

ലോക്ഡൗണിന് മുമ്പ് ഇന്ത്യയിലെ ഒട്ടു മുക്കാൽ വിമാനത്താവളങ്ങൾ വഴിയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണം കള്ളക്കടത്ത് നിർല്ലോഭം നടന്നു വരുന്നതിനിടയിലാണ്, കോവിഡ് രോഗ ഭീതി മൂലം ഭാരത സർക്കാർ രാജ്യത്തിന്റെ ആകാശം പാടെ അടച്ചു പൂട്ടിയത്.

ഈ അടച്ചുപൂട്ടൽ കൂടുതൽ ബാധിച്ചത് യുഏഇയിൽ നിന്ന് കേരളത്തിലേക്കുള്ള ചെറുതും വലുതുമായ സ്വർണ്ണം കള്ളക്കടത്തുകാരെയാണ്.

കോഴിക്കോട്, ദൽഹി, അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, കണ്ണൂർ, മംഗളൂരു എന്നീ വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിലെ ജ്വല്ലറികളിലേക്ക് ഗൾഫിൽ നിന്ന്  കള്ളക്കടത്ത് സ്വർണ്ണമെത്തിച്ചിരുന്നത്.

ദൽഹിയിലും, കൊച്ചിയിലും, ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലും, പ്രമുഖരായ സ്വർണ്ണം കള്ളക്കടത്തുകാരുടെ ഒത്താശക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ട്.

ഈ ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിയിലുണ്ടാകുമ്പോഴാണ് ദുബായ്  കേന്ദ്രമാക്കിയുള്ള സ്വർണ്ണം കള്ളക്കടത്ത് ലോബികൾ  കേരളത്തിലേക്ക് കാര്യർമാർ വഴി സ്വർണ്ണ ബിസ്ക്കറ്റുകൾ കള്ളക്കടത്തായി അയച്ചിരുന്നത്.

സ്ത്രീകൾ അടിവസ്ത്രത്തിലും, പുരുഷ കാര്യർമാർ മലദ്വാരത്തിലും ഒളിപ്പിച്ചാണ് ഉരുക്കി വിവിധ രൂപങ്ങളാക്കി മാറ്റിയ കള്ളക്കടത്ത് സ്വർണ്ണം കടത്തുന്നത്.

വിമാനത്താവളങ്ങളിൽ എയർപോർട്ട് കസ്റ്റംസിനെ നിരീക്ഷിക്കാൻ റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ രഹസ്യമായി ഇറങ്ങുന്ന ദിവസങ്ങളിലാണ് ഇത്തരം കാര്യർമാർ അധികവും കസ്റ്റംസിന്റെ പിടിയിൽപ്പെടുന്നത്.

അല്ലാത്ത ദിവസങ്ങളിൽ കള്ളക്കടത്തുകാരുടെ ഒത്താശക്കാരായ എയർപോർട്ട് കസ്റ്റംസിലെ ഉദ്യോഗസ്ഥർ സ്വർണ്ണവുമായി വരുന്നവർക്ക് നേരെ കണ്ണുചിമ്മും.

മലബാർ മേഖലയിൽ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വൻകിട ജ്വല്ലറി ഷോറൂമുകളിലേക്ക് സ്വർണ്ണമെത്തിക്കുന്നത്  കാഞ്ഞങ്ങാട്ടുകാരനായ ഒരു പ്രമുഖ സ്വർണ്ണം കള്ളക്കടത്തു കാരനാണ്.

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുകയും, മുംബയ്, ബംഗളൂരു, മംഗളൂരു നഗരങ്ങളിൽ കോളേജിൽ പഠിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ കാര്യർമാരാക്കി സന്ദർശക വിസയിൽ  ഗൾഫിലേക്ക് കൊണ്ടുപോവുകയും, ഒരാഴ്ച താമസിപ്പിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് കയറ്റി വിടുമ്പോഴാണ് കാര്യർ പെൺകുട്ടികൾ അടിവസ്ത്രത്തിലും മറ്റും സ്വർണ്ണമൊളിപ്പിച്ച് ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷിതരായി ഇറങ്ങുന്നത്.

സൗജന്യ സന്ദർശക വിസയും, സൗജന്യ വിമാന ടിക്കറ്റും പുറമെ ഓരോ യാത്രയ്ക്കും നല്ലൊരു തുകയും നൽകി ഈ രീതിയിൽ  കാഞ്ഞങ്ങാട് സ്വദേശി ഏറ്റവുമൊടുവിൽ ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് കയറ്റി അയച്ച പെൺകുട്ടി സോനം ലക്ഷ്മൺ ഇരുപത്തി രണ്ടുകാരിയാണ്.

മുംബയ് ബാന്ദ്രയിൽ സമ്പന്നർ താമസിക്കുന്ന, പ്ലോട്ടുകളിലൊന്നിലാണ് സോനത്തിന്റെ താമസം. ലോക്ഡൗണിന് മുമ്പ് 2020 ഫിബ്രവരി 4-നാണ് സോനം അവസാനമായി സ്വർണ്ണവുമായി ദുബായിൽ നിന്ന് അഹമ്മദാബാദിലേക്ക് പറന്നത്.

LatestDaily

Read Previous

വഖഫ്ഭൂമി വാങ്ങിയ എംഎൽഏയെ വെള്ളപൂശി ലീഗ് നേതാവ്

Read Next

അഡ്വക്കേറ്റ് കെ. എം.ബഷീർ അന്തരിച്ചു