ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിദേശത്ത് നിന്നെത്തിക്കുന്ന സ്വർണ്ണം റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി വിനിയോഗിച്ചുവെന്ന് കേസിലെ ഒന്നാം പ്രതി പി എസ് സരിത്ത് ചോദ്യം ചെയ്യലിൽ കസ്റ്റംസിനോട് പറഞ്ഞു.
മെറ്റൽ കറൻസിയായിട്ടാണ് (കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി കറൻസി നോട്ടുകളുടെ തുല്യ തുകയ്ക്ക് സ്വർണ്ണം കൈമാറുന്ന രീതി) സ്വർണ്ണം ഉപയോഗിച്ചിരുന്നതെന്നും സരിത്ത് പറഞ്ഞു.
നെടുമ്പാശേരി സ്വർണ കടത്ത് കേസ് പ്രതി ടി കെ ഫയാസുമായി തനിക്ക് ബന്ധമുണ്ടെന്ന് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്ത പൂക്കാട്ടിൽ റെമീസ് കസ്റ്റംസിനോട് പറഞ്ഞു.
സിനിമാ നിർമ്മാതാക്കൾക്കും ഇത്തരത്തിൽ പണം കൈമാറിയിട്ടുണ്ടെന്നും, മൊഴി നൽകി. ഹവാല പണത്തിന് പകരമായാണ് സ്വർണ്ണം നൽകിയത്. പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെ അറസ്റ്റിലായ റെമീസിനെയും, സരിത്തിനെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്തു.
നെടുമ്പാശേരി വിമാനത്താവളം വഴി കോടികളുടെ സ്വർണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ടി കെ ഫയാസുമായി അടുത്ത ബന്ധമുണ്ടെന്ന് റെമീസ് കസ്റ്റംസിനോട് പറഞ്ഞു. ഓരോ പ്രാവശ്യവും സ്വർണ്ണം കടത്തിയ ശേഷം കോഴിക്കോട്ട് ഇരുവരും ഒത്തുചേരും. അറസ്റ്റിലായ ഫയാസിനൊപ്പം ഷാർജയിൽ കഴിഞ്ഞിരുന്നതായും റെമീസ് മൊഴി നൽകി.
2013ലാണ് 20 കോടിയുടെ ആറ് കിലോ സ്വർണം കടത്തിയ കേസിൽ സിബിഐ ഫയാസിനെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെയും എയർഹോസ്റ്റസുമാരെയും ഏജന്റുമാരാക്കിയായിരുന്നു ഫയാസിന്റെ സ്വർണ്ണക്കടത്ത്.
ഇതിന് സഹായം ചെയ്ത മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും അന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി രേഖകളില്ലാതെ ആറ് എയർ ഗണ്ണുകൾ കൊണ്ടുവന്ന കേസിലും, 2015ൽ കോഴിക്കോട് വിമാനത്താവളത്തിൽ എയർ ബാഗിൽ സ്വർണം പിടികൂടിയ കേസിലും 2014 ൽ തിരുവനന്തപുരം, കോഴിക്കോട് സ്വർണ്ണക്കടത്ത് കേസുകളിലും പ്രതിയായെങ്കിലും തെളിവില്ലാത്തതിനാൽ ഫയാസിനെ വിട്ടയച്ചു.
കൊച്ചിയിൽ ചോദ്യം ചെയ്യൽ തുടരുമ്പോൾതന്നെ റെമീസിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. രണ്ട് പ്രതികളും നൽകിയ വിവരങ്ങൾ കസ്റ്റംസ് എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.