നീലേശ്വരം പോലീസിന് കിട്ടാത്ത സ്വർണ്ണം കാസർകോട് സിഐ പിടികൂടി

നീലേശ്വരം: നീലേശ്വരം പോലീസ് പരിശോധിച്ച ശേഷം പ്രതിയെ  തലോടി പറഞ്ഞുവിട്ട കാറിൽ നിന്നും,  കാസർകോട് സിഐ 200 ഗ്രാം സ്വർണ്ണക്കട്ടികൾ പിടികൂടി. കണ്ണൂർ പറശ്ശിനിക്കടവിൽ നിന്ന് സ്വർണ്ണക്കട്ടിയുമായി ഷിഫ്റ്റ് കാർ പുറപ്പെട്ടപ്പോൾ തന്നെ നീലേശ്വരം പോലീസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. കാർ നീലേശ്വരം പോലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു നിർത്തുകയും, കാറോടിച്ച തളങ്കര ബാങ്കോട് സ്വദേശി യൂസഫിനെ സ്റ്റേഷനിലെത്തിച്ച്  ചോദ്യം ചെയ്തുവെങ്കിലും, ഒന്നും കിട്ടിയില്ല. കാറിലുണ്ടായിരുന്ന സ്ത്രീ സ്വർണ്ണം സൂക്ഷിച്ച സഞ്ചിയുമായി നാടകീയമായി കാറിൽ നിന്ന് പുറത്തിറങ്ങി മാറി നിന്നിരുന്നു. യൂസഫിനെ വിശദമായി ചോദ്യം ചെയ്യുകയും കാറിൽ സ്വർണ്ണക്കട്ടികളില്ലെന്ന് ബോധ്യപ്പെടുകയും, ചെയ്തശേഷം ഈ കാറും യുവാവിനേയും  പോലീസ് വിട്ടയക്കുകയും ചെയ്തു.

നീലേശ്വരം പോലീസിന് കാറിൽ നിന്ന് സ്വർണ്ണക്കട്ടികൾ കിട്ടിയില്ലെന്നറിഞ്ഞ ഇൻഫോർമർ ഉടൻ ആ വിവരം കാസർകോട് ഐപി, അബ്ദുൾ കരീമിന് കൈമാറി. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം  ഒരു മണിക്കൂറിന് ശേഷം   ചന്ദ്രഗിരിപ്പാലത്തിനടുത്ത് ഈ കാർ വീണ്ടും തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് സ്വർണ്ണ മാർക്കറ്റിൽ 35 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം  തങ്കക്കട്ടികൾ കണ്ടെത്തിയത്. യൂസഫിന്റെ പേരിൽ കാസർകോട് ടൗൺ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു.

സ്വർണ്ണം കള്ളക്കടത്തിലെ കാര്യർ ആണ് യൂസഫ് എന്ന് കരുതുന്നു. യൂസഫ് നീലേശ്വരം സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ സ്ത്രീ സ്വർണ്ണവുമായി രക്ഷപ്പെടുകയും പിന്നീട് വഴിയിൽ നിന്ന് കാറിൽ കയറുകയും ചെയ്തുവെന്ന് സംശയിക്കുന്നു. ചന്ദ്രഗിരിയിൽ പോലീസ് പിടികൂടുമ്പോൾ യൂസഫിന്റെ കാറിൽ സ്ത്രീ ഉണ്ടായിരുന്നില്ല. വഴിയിൽ നിന്നും വീണ്ടും കാറിൽ കയറിയ ഇവർ സ്വർണ്ണം യൂസഫിന് കൈമാറിയ ശേഷം ഇറങ്ങിപ്പോയതാണെന്ന് കരുതുന്നു.

യൂസഫിനെ ആദ്യം കസ്റ്റഡിയിലെടുത്ത നീലേശ്വരം പോലീസിൽ ഇടപെട്ട എൻ.ഏ. നെല്ലിക്കുന്ന് എംഎൽഏ കാര്യറെ വിട്ടയക്കാൻ  പോലീസിൽ സമ്മർദ്ദം ചെലുത്തിയതായി ഇന്നലെ നീലേശ്വരം പോലീസിൽ നിന്ന് ചോർന്നു കിട്ടിയിരുന്നു. ന്യായമല്ലാത്ത കാര്യങ്ങളിൽ പ്രതികളെ പോലീസിൽ നിന്ന് ഊരിയെടുക്കാൻ എൻ.ഏ നെല്ലിക്കുന്ന് എം എൽ ഏ നിരന്തരം പോലീസിൽ ഇടപെടുന്നതായി കാസർകോട്ട് പോലീസിലും ജനങ്ങളിലും ആരോപണം ശക്തമാണ്. ഇരകൾക്ക് വേണ്ടിയല്ല, മറിച്ച് എം എൽ ഏ ഇടപെടുന്നത് വേട്ടക്കാരന് വേണ്ടിയാണെന്നാണ് എം എൽ ഏക്കെതിരെയുള്ള ആരോപണം.

LatestDaily

Read Previous

സാനിയ ആത്മഹത്യയ്ക്ക് പിന്നിൽ കൗമാരപ്രണയം

Read Next

കാറിൽ നിന്നും 200 ഗ്രാം സ്വർണ്ണം പിടികൂടി