സ്വർണ്ണക്കള്ളക്കടത്ത്; പരാതിക്കാരന്റെയും പ്രതികളുടെയും വീടുകളിൽ റെയ്ഡ്

കാഞ്ഞങ്ങാട്: ദുബായിൽ നിന്നും കാസർകോട്ടേയ്ക്ക് കടത്തിയ സ്വർണ്ണത്തെ ചൊല്ലി യുവാവിനെ തട്ടിക്കൊണ്ട് പോയി വിരൽ അറുത്ത കേസ്സിന് പിന്നാലെ സ്വർണ്ണക്കള്ളക്കടത്തിന്റെ ഉള്ളറകൾ തേടി പരാതിക്കാരന്റെ അജാനൂർ മുട്ടുന്തല വീട്ടിലും റിമാന്റിലുള്ള ആറ് പ്രതികളുടെ കാസർകോട് തായലങ്ങാടിയിലെ വീടുകളിലും പോലീസ് ഒരേസമയം റെയിഡ് നടത്തി. പോലീസ് നടത്തിയ മിന്നൽ ഒാപ്പറേഷനിൽ പരാതിക്കാരന്റെ വീട്ടിൽ നിന്നും പ്രതികളുടെ വീടുകളിൽ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തു.

ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലെ പരാതിക്കാരൻ ഷെഫീഖിന്റെ മുട്ടുന്തലയിലെ വീട്ടിൽ ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകീട്ട് റെയിഡ് നടന്നത്. ഇതേസയമം പ്രതികളായ ഏ. ആർ. ഫിറോസ് 35, ഷനാഫ് മൻസിലിൽ അൽത്താഫ് 34, കുട്ട്യാളി വളപ്പിൽ ഹാരിസ് 40, കെ. എസ്. അബ്ദുള്ള റോഡിലെ അബ്ദുൾ മനാഫ് 38, മാസ്റ്റർ വീട്ടിൽ അഹമ്മദ് റിയാസ് 39, എം. ഏ. ഹൗസിൽ ഷഹഫർ 36, എന്നിവരുടെ കാസർകോട് തായലങ്ങാടിയിലുള്ള വീടുകളിലും പോലീസ് റെയിഡ് നടത്തി.

ജില്ലാ പോലീസ് മേധാവി പി. ബി. രാജീവന്റെ നിർദ്ദേശപ്രകാരം ഹൊസ്ദുർഗ്, കാസർകോട്, നീലേശ്വരം, ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ നേതൃ-ത്വത്തിലാണ് പരാതിക്കാരന്റെയും തായലങ്ങാടിയിലെ പ്രതികളുടെ വീടുകളിലും ഒരേസമയം പോലീസ് സംഘം മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്. പോലീസ് റെയിഡിനെത്തുമ്പോൾ ഷെഫീഖ് മുട്ടുന്തലയിലെ വീട്ടിലുണ്ടായിരുന്നു. പ്രതികളുടെ തായലങ്ങാടിയിലെ മൂന്ന് വീടുകൾ അടച്ചിട്ട  നിലയിലായിരുന്നു. പരാതിക്കാരന്റെ വീട്ടിൽ നിന്നും പ്രതികളുടെ വീടുകളിൽ നിന്നുമായി കസ്റ്റഡിയിലെടുത്ത രേഖകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

ഗൾഫിൽ നിന്ന് പ്രതികൾ നാട്ടിലെത്തിക്കാൻ ഷെഫീഖിനെ ഏൽപ്പിച്ച 40 ലക്ഷം രൂപ വില വരുന്ന പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം ദുബായിൽ നിന്നും നാട്ടിലെത്തിച്ച ശേഷം മുക്കിയതായി ആരോപിച്ച് പ്രതികൾ കഴിഞ്ഞ ദിവസം ഇട്ടമ്മൽ റോഡിൽ നിന്നും ഷഫീഖിനെ കാറിൽ തട്ടിക്കൊണ്ട് പോയി വിരൽ മുറിച്ചിരുന്നു.

ഗൾഫിലെ സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് കാരണമായതെന്ന് ഹൊസ്ദുർഗ് പോലീസ് കേസ്സന്വേഷണസംഘം ഉറപ്പാക്കിയാണ് വീടുകളിൽ തിരച്ചിൽ നടത്തിയത്. മുറി്ക്കപ്പെട്ട ഷഫീഖിന്റെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തിട്ടുണ്ട്. പരാതിക്കാരനിൽ നിന്നും ഇന്നലെ പോലീസ് വീണ്ടും മൊഴിയെടുത്തു.

ദുബായിൽ നിന്നും നൽകിയ സ്വർണ്ണമിടപാടുമായി ബന്ധപ്പെട്ടാണ്  ആക്രമണമെന്ന് ഷെഫീഖ് വ്യക്തമാക്കിയ സാഹചര്യത്തിൽ പോലീസ് അന്വേഷണം സ്വർണ്ണക്കള്ളക്കടത്തിലേക്ക് വഴിമാറി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് കണ്ടെത്തുന്നതിനായി റിമാന്റിലുള്ള തായലങ്ങാടി സംഘത്തെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഹൊസ്ദുർഗ് പോലീസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ സ്വർണ്ണക്കള്ളക്കടത്തിന്റെ ഉള്ളറയിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

LatestDaily

Read Previous

ഭർതൃമതി വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ

Read Next

മുഈനലി തങ്ങളുടെ വിമർശനം: ലീഗ്​ നേതൃത്വം പ്രതിസന്ധിയിൽ