സ്വര്‍ണക്കടത്തിന് തുടക്കം ജനുവരിയിൽ അയച്ചത് കൊച്ചി സ്വദേശി ഫരീദ്

തിരുവനന്തപുരം: വിവാദമായ വിമാനത്താവള സ്വർണ്ണക്കടത്ത് തുടങ്ങിയത് 2020 ജനുവരിയിൽ. നയതന്ത്ര ചാനലിലൂടെയാണ് സ്വർണ്ണക്കടത്ത് നടന്നത്. പത്ത് എയർവേ ബില്ലുകൾ തിരുവനന്തപുരം വിമാനത്താവള കാർഗോയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്വർണ്ണം ദുബായിൽ നിന്ന് വാങ്ങിയതും, അയച്ചതും കൊച്ചി സ്വദേശി ഫരീദാണെന്നും ഇയാൾ ദുബായിൽ പ്രൊവിഷണൽ സ്‌റ്റോർ നടത്തിപ്പുകാരനാണെന്നും കണ്ടെത്തി.

സ്വർണ്ണക്കടത്തിൽ വ്യാജ രേഖ ചമച്ചതായും സംശയമുയർന്നിട്ടുണ്ട്. നയതന്ത്ര പാഴ്‌സലിന്റെ കസ്റ്റംസ് ക്ലിയറൻസിന് സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാൽ രണ്ട് വർഷമായി പ്രോട്ടോക്കോൾ ഓഫീസറുടെ ഒപ്പ് വാങ്ങുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഒപ്പ് കള്ളക്കടത്ത് സംഘം വ്യാജമായി ചമച്ചതായി സംശയമുണ്ട്. കാറും ഭക്ഷണ സാധനങ്ങളും ഓഫീസിലെ അലങ്കാര വസ്തുക്കളും എത്തിക്കാനാണ് അനുമതി തേടിയിരുന്നതെന്നും കണ്ടെത്തി. വിവാദത്തിന് പിന്നാലെ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ  പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.

സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ  പശ്ചാത്തലത്തിലാണ് തീരുമാനം. ഇദ്ദേഹത്തോട് വിശദീകരണം തേടും. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ച സംഭവത്തിലായിരിക്കും വിശദീകരണം തേടുക. സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. കെ എസ് ഐ ടി എല്ലിന്  കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സൺ ഓഫീസറായിരുന്നു സ്വപ്ന. താൽക്കാലിക നിയമനമായിരുന്നു ഇവരുടേത്. ഇന്നലെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്വപ്നയ്ക്ക് ഐടി വകുപ്പ് സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്.   ഇതിന് പിന്നാലെയാണ് ഇടതു  സർക്കാരിന് തന്നെ വലിയ നാണക്കേടുണ്ടാക്കിയ  സംഭവം പുറത്തു വന്നത്.

തിരുവനന്തപുരം മുടവൻമുഗളിൽ സ്വപ്ന താമസിച്ചിരുന്ന ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി വകുപ്പ് സെക്രട്ടറിയെന്ന ആരോപണം കൂടി ഉയർന്നതോടെ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താനാണ് ആലോചന.

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണ്ണം  കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണ്ണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ  ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് അധികൃതർ  കണ്ടെത്തിയിട്ടുണ്ട്.

വിമാനത്താവളത്തിന്  പുറത്തെത്തിക്കുന്ന സ്വർണ്ണം  ആർക്കെല്ലാമാണ് കൈമാറിയിട്ടുള്ളതെന്ന്  കസ്റ്റംസം ഇന്റലിജൻസ്  അന്വേഷിച്ചു വരികയാണ് .

LatestDaily

Read Previous

ഓഫീസ് സിക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി എം. ശിവശങ്കർ ദീർഘാവധിയിൽ

Read Next

വഖഫ് ഭൂമി കൈമാറ്റത്തിന് പിന്നിൽ മാഫിയാ രാഷ്ട്രീയമെന്ന് സിപിഎം