സ്വർണ്ണ ഇടപാട് കേസ്സിൽ മലക്കം മറിഞ്ഞ് പരാതിക്കാരൻ

പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി പ്രതികൾക്ക് ജാമ്യം, കേസ്സന്വേഷണം സ്വർണ്ണ കള്ളക്കടത്തിലേക്ക് നീങ്ങിയതോടെ പരാതിക്കാരനും പ്രതികളും ഒത്തുതീർപ്പിലെത്തി

കാഞ്ഞങ്ങാട്: ഗൾഫിലെ സ്വർണ്ണക്കടത്തിടപാടുമായി ബന്ധപ്പെട്ട് അജാനൂർ മുട്ടുന്തല യുവാവിനെ കാഞ്ഞങ്ങാട്ട് നിന്നും തട്ടിക്കൊണ്ട് പോയി ചെറുവിരൽ മുറിച്ച കേസ്സിൽ പരാതിക്കാരൻ മലക്കം മറിഞ്ഞു. പ്രതികളുമായി പരാതിക്കാരൻ ഒത്തുതീർപ്പിലെത്തിയതിനെതുടർന്ന് റിമാന്റ് പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ തള്ളിയ കോടതി പ്രതികൾക്ക് ജാമ്യമനുവദിച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ ഷെഫീഖിനെ 35, ഗാർഡർവളപ്പ് റോഡിൽ നിന്നും കാറിൽ തട്ടിക്കൊണ്ട് പോയി പിച്ചാത്തി വാൾ ഉപയോഗിച്ച് വിരൽ മുറിച്ച കേസ്സിലാണ് പരാതിക്കാരനായ ഷെഫീഖ് കേസ്സ് പിൻവലിച്ച്, പ്രതികളുമായി ഒത്തുതീർപ്പിലെത്തിയത്.

ഷെഫീഖിനെ തട്ടിക്കൊണ്ട് പോയി വിരൽ മുറിച്ച കേസ്സിൽ ഹൊസ്ദുർഗ്  പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസ്സ് റജിസ്റ്റർ ചെയ്യുകയും, കാസർകോട് തായലങ്ങാടി സ്വദേശികളായ ഫിറോസ്, അൽത്താഫ്, ഹാരിസ്, മനാഫ്, റിയാസ്, സനഫർ, എന്നീ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതി റിമാന്റ്  ചെയ്തിരുന്നു. പ്രതികൾ യുവാവിനെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച മൂന്ന് കാറുകൾ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലാണ്. ഗൾഫിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപയ്ക്ക് വേണ്ടി ഷെഫീഖിനെ തട്ടിക്കൊണ്ട് പോയെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഗൾഫിൽ നടന്ന സ്വർണ്ണ ഇടപാടിനെ ചൊല്ലിയാണ് പ്രതികൾ തട്ടിക്കൊണ്ട് പോയി വിരൽ അറുത്തതെന്ന് ഷെഫീഖ് പോലീസിന് ആവർത്തിച്ച് മൊഴി നൽകിയിരുന്നു.

തട്ടിക്കൊണ്ട് പോകൽ കേസ്സിൽ പോലീസിന്റെ അന്വേഷണം സ്വർണ്ണക്കള്ളക്കടത്തിലേക്ക് നീങ്ങിയതോടെ അപകടം മണത്ത പ്രതികളും പരാതിക്കാരനും കേസ്സ് ഒത്തുതീർപ്പിലാക്കാൻ ധാരണയിലെത്തിയതായാണ് സൂചന. തട്ടിക്കൊണ്ട് പോകൽ കേസ്സിനാധാരമായ സ്വർണ്ണ ഇടപാടിന്റെ രേഖകൾ കണ്ടെത്താൻ പോലീസ് പരാതിക്കാരൻ ഷെഫീഖിന്റെ  മുട്ടുന്തലയിലുള്ള വീട്ടിലും പ്രതികളുടെ തായലങ്ങാടിയിലെ വീടുകളിലും ഒരേസമയം റെയിഡ് നടത്തി രേഖകൾ പിടിക്കുകയും, സ്വർണ്ണക്കടത്തിൽ തെളിവെടുക്കാൻ  പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ റിമാന്റിലുള്ള ആറ് പ്രതികളെയും കസ്റ്റഡിയിലാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതിനും  പിന്നാലെയാണ് പ്രതികളും പരാതിക്കാരനും തമ്മിൽ  ചർച്ച നടന്നത്. കേസ്സന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ കസ്റ്റഡി ആവശ്യം ഇന്നലെ കോടതി പരിഗണിക്കാനിരിക്കെ പ്രതികളുമായി പരാതിക്കാരൻ ഒത്തുതീർപ്പിലെത്തുക്കുകയായിരുന്നു.

ഷെഫീഖും പ്രതികളും തമ്മിലുള്ള കേസ്സ് ഒത്തുതീർപ്പിലെത്തിയതായി ഷെഫീഖിന്റെ അഭിഭാഷകന് പുറമെ പ്രതികളുടെ അഭിഭാഷകനും  ഇന്നലെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. തായലങ്ങാടി സ്വദേശികൾക്കെതിരെ  ഷെഫീഖ് നൽകിയ കേസ്സ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുകൂട്ടരുടേയും അഭിഭാഷകർ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ഇതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് സംഘം ഇന്നലെ കോടതിയിലെത്തിയിരുന്നു.

പരാതിക്കാരൻ പ്രതികളുമായി ഒത്തുതീർപ്പിലെത്തി കേസ്സ് നടപടി റദ്ദ് ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളിയതിന് പിന്നാലെ കേസ്സിൽ ആറ് പ്രതികൾക്ക് കോടതി ജാമ്യമനുവദിക്കുകയും ചെയ്തു.

Read Previous

കോൺഗ്രസ്സ് നേതാക്കളുടെ സസ്പെൻഷൻ എംപിയുടെ സമ്മർദ്ദത്തെ തുടർന്ന്

Read Next

ട്രെയിനിലെ കയ്യാങ്കളിക്ക് കാരണം എംപിയും കോൺഗ്രസ്സ് നേതാക്കളും തമ്മിലുള്ള അസ്വാരസ്യം