ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വർണ്ണക്കടത്ത്, ഹവാല, ഡോളർ കടത്ത് ഇടപാടുകളുൾപ്പെട്ട 18 പേർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടുകൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് തീരുമാനമാകാതെ പൊടിപിടിച്ച് കിടക്കുന്നു. 2018-19 വർഷങ്ങളിൽ കേരളാപോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടുകളാണ് തുടർ നടപടിയില്ലാതെ കെട്ടിക്കിടക്കുന്നത്.
കാസർകോട്ടെ 3 ജ്വല്ലറികൾ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കാഞ്ഞങ്ങാട്, ഉദുമ, എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഡോളാർകടത്ത്, മേൽപ്പറമ്പ്, ബദിയടുക്ക സ്വദേശികളുടെ നേതൃത്വത്തിൽ നടന്ന ഹവാല പണമിടപാട് എന്നിവയെക്കുറിച്ചാണ് 2 വർഷം മുമ്പ് പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇവയിൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കേണ്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെ ഉൾപ്പെടും.
ജില്ലിലെ 18 പേർക്കെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥർ ജില്ലാ ആസ്ഥാനത്ത് റിപ്പോർട്ട് നൽകിയത്. ഇവരിൽ ലീഗ് നേതാക്കളടക്കം ഉൾപ്പെട്ടിട്ടുണ്ട്. കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർ നടപടിയില്ലാതെ റിപ്പോർട്ടിൽ മുഖം പൂഴ്ത്തിക്കിടക്കുന്നു.
ജില്ലയിലെ ചില പോലീസുദ്യോഗസ്ഥരുടെ അഴിമതിയെപ്പറ്റി സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടടക്കം ഫയലിൽ ഉറങ്ങുകയാണ്. റിപ്പോർട്ടിന് മേൽ തുടർ നടപടിയില്ലാത്തതിന്റെ പ്രധാന കാരണവും ഇതാണെന്ന് സംശയമുയർന്നിട്ടുണ്ട്. ജില്ലയിലെ ചില പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സമ്മർദ്ദവും, തുടർ നടപടികൾ വൈകാൻ കാരണമായി.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിന്റെ റിപ്പോർട്ടുകളിൽ തുടർ നടപടികളുണ്ടാകുന്നുണ്ടെങ്കിലും, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം തികഞ്ഞ ഉദാസീനത കാണിക്കുകയാണന്ന് ആക്ഷപമുണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ചുമതലയുള്ള സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം വഴി കണ്ടെത്തുന്ന വിവരങ്ങൾ കൃത്യ സമയത്ത് സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ ആസ്ഥാനത്തെത്തുന്നുണ്ടെങ്കിലും, ജില്ലാ അധികൃതർ റിപ്പോർട്ട് മുകളിലോട്ട് വിടാതെ പൂഴ്ത്തുകയാണ്.
മംഗളൂരുവിൽ താമസക്കാരനായ മാർവാടി വ്യവസായി വഴിയാണ് ജില്ലയിലേക്ക് ഹവാലപ്പണം ഒഴുകുന്നത്. ദിനം പ്രതി 3 കോടിയോളം രൂപ മാർവാടി മുഖേന കാസർകോട് ജില്ലയിലെത്തുന്നതായി രഹസ്യ വിവരമുണ്ട്.