കാറിൽ നിന്നും 200 ഗ്രാം സ്വർണ്ണം പിടികൂടി

കാസർകോട്: വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളം വഴി കടത്തിയ 200 ഗ്രാം സ്വർണ്ണം കാസർകോട് പോലീസ് പിടികൂടി. ഇന്നലെ ചന്ദ്രഗിരി പാലത്തിന് സമീപത്ത് നിന്നുമാണ് കാറിൽ കടത്തുകയായിരുന്ന സ്വർണ്ണം പിടികൂടിയത്. സ്വർണ്ണവുമായെത്തിയ കാർ ദേശീയപാതയിൽ കാലിക്കടവിൽ ഇന്നലെ പകൽ നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ഇടിച്ചിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ വാഹനത്തെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ, എം.ഏ. മാത്യു  പിടികൂടി കാറിലുണ്ടായിരുന്നയാളെ സ്റ്റേഷനിലെത്തിച്ചു. തളങ്കര സ്വദേശിയായ യൂസഫാണ് കാറിനകത്തുണ്ടായിരുന്നത്. നീലേശ്വരത്ത് നിന്നും തന്ത്രപൂർവ്വം വിട്ടയച്ച യൂസഫിന്റെ വിവരങ്ങൾ നീലേശ്വരം പോലീസ് കാസർകോട് പോലീസിനെ അറിയിച്ചു.

തുടർന്ന് കാസർകോട് പോലീസ് യൂസഫ് ഓടിച്ചിരുന്ന കാർ ചന്ദ്രഗിരി പാലത്തിന് സമീപം പിടികൂടി. കാറിനകത്ത് നടത്തിയ  പരിശോധനയിലാണ് 200 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. യൂസഫിനൊപ്പം കാറിനകത്ത് ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി സംശയമുണ്ട്. യൂസഫ് നീലേശ്വരം സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ സ്ത്രീ സ്വർണ്ണവുമായി രക്ഷപ്പെടുകയും പിന്നീട് വഴിയിൽ നിന്ന് കാറിൽ കയറുകയും ചെയ്തു എന്ന് സംശയിക്കുന്നു. ചന്ദ്രഗിരിയിൽ പോലീസ് പിടികൂടുമ്പോൾ യൂസഫിന്റെ കാറിൽ സ്ത്രീ ഉണ്ടായിരുന്നില്ല. വഴിയിൽ നിന്നും വീണ്ടും കാറിൽ കയറിയ ഇവർ സ്വർണ്ണം യൂസഫിന് കൈമാറിയ ശേഷം ഇറങ്ങിപ്പോയതാണെന്ന് കരുതുന്നു. തളങ്കര ബാങ്കോട് സ്വദേശിയായ യൂസഫിനെയാണ് 200 ഗ്രാം സ്വർണ്ണവുമായി കാസർകോട് പോലീസ് ഇൻസ്പെക്ടർ അബ്ദുൾ റഹീം,  എസ്ഐ, പി. നളിനാക്ഷൻ എന്നിവരടങ്ങുന്ന  സംഘം പിടികൂടിയത്. യൂസഫിനെതിരെ കാസർകോട് പോലീസ് കേസെടുത്തു.

LatestDaily

Read Previous

നീലേശ്വരം പോലീസിന് കിട്ടാത്ത സ്വർണ്ണം കാസർകോട് സിഐ പിടികൂടി

Read Next

ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി