സമീറയ്ക്ക് കസ്റ്റംസ് കൊഫെപോസ ചുമത്തും

കാഞ്ഞങ്ങാട്: ഒരു കോടി പത്തു ലക്ഷം രൂപയുടെ സ്വർണ്ണവുമായി മംഗളുരു  വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അജാനൂർ വെള്ളിക്കോത്ത് കാരക്കുഴിയിലെ സമീറയുടെ 34, പേരിൽ കൊഫെ പോസ  ചുമത്താൻ കസ്റ്റംസ് ആലോചന. ഒരു കോടിക്ക് മുകളിലുള്ള സ്വർണ്ണം കള്ളക്കടത്ത് നടത്തുന്നവർക്കെതിരെ കസ്റ്റംസിന് ഇന്ത്യയിൽ കൊഫെ പോസ ചുമത്താൻ  അധികാരമുണ്ട്.

സമീറയ്ക്കെതിരെ കസ്റ്റംസ് കൊഫെ പോസ നിയമ ചുമത്തിയാൽ വിചാരണ കൂടാതെ 2 വർഷക്കാലം തടവിൽ വെക്കാം. ആദ്യ തവണത്തെ സ്വർണ്ണം കടത്തലാണെന്ന പരിഗണനയിൽ ആവശ്യമെങ്കിൽ,  കൊഫെ പോസ കസ്റ്റംസിന് ഒഴിവാക്കുകയും ചെയ്യാവുന്നതാണ്. സമീറ യഥാർത്ഥത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് 3.200 കിലോഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണമാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

ഈ സ്വർണ്ണം കസ്റ്റംസ്  വേർപ്പെടുത്തിയപ്പോഴാണ് 2.40 കിലോഗ്രാമായി ചുരുങ്ങി 22 കാരറ്റ് സ്വർണ്ണം ലഭിച്ചത്. മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണം ദുബായിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 3 മണിക്കൂർ നേരം വിമാനത്തിലിരുന്ന് ഒരു സ്ത്രീ മംഗളുരുവിൽ പറന്നിറങ്ങിയ സംഭവം മംഗളുരു എയർ കസ്റ്റംസിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. കസ്റ്റംസ് അതിശയം കൊള്ളുകയാണ് ഈ  സ്വർണ്ണ വേട്ടയിൽ.

കാരണം, മൂന്നു കിലോ സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച ശേഷം,  ചെറിയൊരു കുട്ടി ഒക്കത്ത്, മറ്റൊരു കുട്ടിയെ കൈ പിടിച്ച് നടത്തിയുമാണ് മുപ്പത്തിനാലുകാരിയായ സമീറ ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മംഗളുരു വിമാനത്താവളത്തിലിറങ്ങിയത്.

നാടു കാണാൻ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞാണ് കുട്ടികളോടൊപ്പം കരിപ്പൂർ വിമാനത്താവളം വഴി സമീറ ദുബായിലേക്ക്  പറന്നത്. തിരിച്ചു വരുമ്പോൾ ഭർത്താവ് പള്ളിക്കര സ്വദേശി മുഹമ്മദലി ഒപ്പമുണ്ടായിരുന്നുവെന്ന് സമീറയുടെ വീട്ടുകാർ പറയുന്നുണ്ടെങ്കിലും, യുവതിയുടെ ഭർത്താവിനെക്കുറിച്ച് അജാനൂർ കാരക്കുഴിയിലുള്ള സമീറയുടെ മാതാവിനും, വീട്ടുകാർക്കും യാതൊരു വിവരവുമില്ല.

LatestDaily

Read Previous

മടിക്കൈ ചോദിക്കുന്നു; എന്തിന് വോട്ടു ചെയ്യണം-?

Read Next

കോട്ടച്ചേരി മേൽപ്പാലത്തിന് ജില്ലാ കലക്ടറുടെ അനുമതി