ആടുമോഷ്ടാക്കൾ അറസ്റ്റിൽ മത്സ്യവിൽപ്പനക്കാരെന്ന വ്യാജേന വാഹനത്തിൽ കറങ്ങി മോഷണം

കാഞ്ഞങ്ങാട്: മത്സ്യവിൽപ്പനക്കാരെന്ന വ്യാജേന പിക്കപ്പ് വാനിൽ കറങ്ങി മേയാൻ കെട്ടിയിടുന്ന ആടുകളെ മോഷ്ടിച്ച് കിട്ടുന്ന പണം ചീട്ടുകളിക്കുപയോഗിക്കുന്ന രണ്ടംഗ സംഘത്തെ അമ്പലത്തറ എസ്.ഐ, രാജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.  അമ്പലത്തറ ഇരിയ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച രണ്ട് മുട്ടനാടുകളിൽ ഒന്ന് കശാപ്പുശാലയിൽ ഇറച്ചിയാക്കി വിറ്റു. രണ്ടാമത്തെ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മടിക്കൈ ചാളക്കടവിലെ ഹനീഫ 38, നീലേശ്വരം കടിഞ്ഞിമൂലയിലെ ഷബീർ 32, എന്നിവരാണ് ആട് മോഷണക്കേസ്സിൽ അറസ്റ്റിലായത്. ഇരിയ മുട്ടിച്ചരലിലെ രാമചന്ദ്രൻ നായർ, കോട്ടപ്പാറ, വെള്ളൂട്ട താന്നിക്കലിലെ ജാനകി എന്നിവരുടെ ആടുകളാണ് മോഷണം പോയത്. രാമചന്ദ്രന്റെ ആടിന് കാൽലക്ഷം രൂപ വില വരും. ജാനകിയുടെ ആടിന് 15000 രൂപ വില കണക്കാക്കുന്നു. കഴിഞ്ഞ 24-ന് വൈകീട്ടാണ് മുട്ടിച്ചരൽ റോഡരികിൽ മേയാൻ കെട്ടിയിരുന്ന രാമചന്ദ്രന്റെ ആടിനെ മോഷ്ടിച്ചത്. 25-ന് രാവിലെ 10 മണിയോടെയാണ് ജാനകിയുടെ ആടിനെ കാണാതായത്.

ചാളക്കടവിലെ കബീറിൽ നിന്നും വാടകയ്ക്കെടുത്ത പിക്കപ്പ് വാനിൽ ഹനീഫയും ഷബീറും കുറച്ച് കാലം മത്സ്യവിൽപ്പന നടത്തിയിരുന്നു. മത്സ്യകച്ചവടം നിർത്തിയശേഷം ഒഴിഞ്ഞ മത്സ്യ ബോക്സുമായി മത്സ്യകച്ചവടക്കാരെന്ന വ്യാജേന നാട്ടിൻ പുറങ്ങളിലെ ഇടവഴികളിലൂടെ സഞ്ചരിച്ചായിരുന്നു ആട് മോഷണം. മോഷ്ടിക്കുന്ന ആടുകളെ കശാപ്പുകാർക്ക് കൈമാറി കിട്ടുന്ന പണം ചൂതാട്ടത്തിലേർപ്പെടാൻ ഉപയോഗിക്കുകയായിരുന്നു ഇരുവരുടെയും പതിവെന്ന് പോലീസ് പറഞ്ഞു.

രാമചന്ദ്രന്റെ മോഷ്ടിച്ച ആടിനെ കോട്ടപ്പുറത്തെ കശാപ്പുശാലയിൽ വിൽപ്പന നടത്തിയതായി പ്രതികൾ പറഞ്ഞു. പോലീസ് കശാപ്പുശാലയിലെത്തുമ്പോഴേക്കും ആടിനെ അറുത്ത് ഇറച്ചിവിൽപ്പന നടത്തിയിരുന്നു. ജാനകിയുടെ വീട്ടുപരിസരത്ത് നിന്നും മോഷ്ടിച്ച ആടിനെ പോലീസ് ആവിക്കരയിലെ ആട് ഫാമിൽ കണ്ടെത്തി. ആട് മോഷണവുമായി ബന്ധപ്പെട്ട് തുടരെ രണ്ട് പരാതികളെത്തിയതോടെ പോലീസ് സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ആടിന്റെ ഉടമസ്ഥരുടെ വീടിന് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസിന് പിക്കപ്പ് വാനിന്റെ നമ്പർ ലഭിച്ചു. പരിശോധനയിൽ പിക്കപ്പ് വാനിന്റെ ആർസി ഉടമ ചാളക്കടവിലെ കബീറാണെന്ന് മനസ്സിലായി. പോലീസ് കബീറിനെ ബന്ധപ്പെട്ടപ്പോൾ വാഹനം മൂന്ന് മാസമായി ഹനീഫയ്ക്കും ഷബീറിനും വാടകയ്ക്ക് നൽകിയതായി അറിഞ്ഞു. ഇരുവരെയും ബന്ധപ്പെട്ടപ്പോൾ തങ്ങൾ ചീമേനിയിലുള്ളതായി പോലീസിനോട് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മാവുങ്കാലിൽ കണ്ടെത്തിയ പോലീസ് രാത്രി ഇരുവരെയും മോഷണത്തിനുപയോഗിച്ച വാഹനസഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാന്റ് ചെയ്തു. ആവിക്കരയിലെ ആട് ഫാമിൽ കണ്ടെത്തിയ ആടിനെ കോടതിയിൽ ഹാജരാക്കി. ആടിനെ കോടതി ജാനകിയ്ക്ക് വിട്ടു നൽകി. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ദാമോദരൻ, എസ്ഐ, രാജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, രമേശ്, പ്രകാശൻ, അഡീഷണൽ എസ്ഐ ദാമോദരൻ എന്നിവർ ചേർന്നാണ് പ്രതികളെ കുടുക്കിയത്.

LatestDaily

Read Previous

പൂക്കോയയെ മന്ത്രി സംരക്ഷിക്കുന്നതായി വ്യാജ പ്രചാരണം

Read Next

സാബു അബ്രഹാം കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ