ഗോവയിലും കുതിരക്കച്ചവട ഭീതി: അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റി

പനാജി: ഗോവയിൽ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് അഞ്ച് കോൺഗ്രസ്‌ എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റി. കോൺഗ്രസ്‌ എംഎൽഎമാരായ സങ്കൽപ് അമോങ്കർ, ആൽത്തോൺ ഡി കോസ്റ്റ, കാർലോസ് അൽവാരസ്, റുഡോൾഫ് ഫെർണാണ്ടസ്, യൂറി അലെമോ എന്നിവരെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. ഗോവ നിയമസഭയിലെ അംഗമായ സങ്കൽപ് അമോങ്കർ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഉപനേതാവ് കൂടിയാണ്.

ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും മൈക്കൽ ലോബോയും പാർട്ടിയിൽ ഭിന്നതയുണ്ടാക്കുന്നുവെന്ന് ഗോവയിലെ കോൺഗ്രസ്‌ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു ആരോപിച്ചിരുന്നു. തങ്ങളുടെ എം.എൽ.എമാർക്ക് പാർട്ടിയിൽ ചേരാൻ ബി.ജെ.പി 25 കോടി രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി യോഗത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഉൾപ്പെടെ ഏഴ് പേരാണ് വിട്ടുനിന്നത്. ഇവർ ബി.ജെ.പിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മൈക്കിൾ ലോബോയെ പിന്നീട് കോൺഗ്രസ്‌ നിയമസഭാ പ്രതിപക്ഷ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് നീക്കി. ദിഗംബർ കാമത്ത്, മൈക്കിൾ ലോബോ എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതേതുടർന്നാണ് എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റിയത്.

K editor

Read Previous

‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍

Read Next

രാജ്യത്തെ നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നു; ചീഫ് ജസ്റ്റിസ്