ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ഗുലാം നബി ചർച്ചകൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
“ഞാൻ കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന എഎൻഐ നൽകിയ വാർത്ത ഞെട്ടിക്കുന്നതാണ്. എന്‍റെ അനുയായികളുടെയും നേതാക്കളുടെയും മനോവീര്യം കെടുത്താൻ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്ന കഥകളാണിവ. എനിക്ക് കോൺഗ്രസ് പാർട്ടിയോടോ അതിന്റെ നേതൃത്വത്തോടോ യാതൊരു വിരോധവുമില്ല. എന്നാൽ അത്തരം കഥകൾ കെട്ടിച്ചമയ്ക്കുന്നവരോട് അതിൽ നിന്ന് പിൻമാറാൻ അഭ്യർത്ഥിക്കുന്നു. ഈ കഥ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഞാൻ അടിവരയിടുന്നു,” നബി ട്വീറ്റ് ചെയ്തു.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഗുലാം നബി പറഞ്ഞത് കോണ്‍ഗ്രസിന് മാത്രമേ ബിജെപിയെ നേരിടാൻ കഴിയൂ എന്നാണ്. ഇതാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നു എന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്. കൂടാതെ, ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ യാത്രയുടെ കൺവീനർ ദിഗ്വിജയ് സിംങ് അദ്ദേഹത്തെ ക്ഷണിച്ചു.