ജെംസ് സ്കൂൾ വഖഫ് സ്വത്തല്ലെന്ന് എം.എൽ.ഏ വിചിത്രവാദമെന്ന് പരാതിക്കാരൻ ഷുക്കൂർ

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ജെംസ് സ്കൂളിന്റെ ഭൂമി വഖഫ് സ്വത്തല്ലെന്ന് വാദിക്കുന്നവർ ബാബരി മസ്ജിദ് വിഷയത്തിൽ സംഘപരിവാർ പറഞ്ഞ ന്യായമാണ് ആവർത്തിക്കുന്നതെന്ന് അഭിഭാഷകൻ സി. ഷുക്കൂർ.

ജെംസ് സ്കൂൾ ഭൂമി വഖഫ് സ്വത്തല്ലെന്ന വാദവുമായി രംഗത്തെത്തിയ എം.സി ഖമറുദ്ദീൻ എം.എൽ.ഏ അടക്കമുള്ളവർക്കെതിരെയുള്ള മറുപടിയെന്ന നിലയിൽ അഡ്വ. സി. ഷുക്കൂർ ഇന്ന് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് എം.എൽ.ഏ അടക്കമുള്ളവരുടെ വാദങ്ങളെ ഖണ്ഡിച്ചിരിക്കുന്നത്.

ബാബറി മസ്ജിദ് പൊളിച്ച സംഘപരിവാർ പറഞ്ഞ ന്യായം പള്ളി വഖഫ് ഭൂമിയിലായിരുന്നില്ല എന്നാണ്. സംഘപരിവാറിൽ നിന്നും രക്ഷപ്പെടുത്താൻ വരുന്നവരും ഇതേ ന്യായം ആവർത്തിക്കുന്നത് വിചിത്രമാണെന്നും സി. ഷുക്കൂർ പറയുന്നു.

1954 ലെ വഖഫ് ആക്ട് സെക്ഷൻ 68 (2) (എഫ്) ആയി റജിസ്റ്റർ ചെയ്ത സംഘടനയാണ് തൃക്കരിപ്പൂർ ജാമിഅ സഅദിയ.

ഇസ്്ലാമിയ എന്ന് രേഖകൾ വ്യക്തമാക്കുന്നതായി സി. ഷുക്കൂർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

11/1993 നമ്പറിൽ വഖഫ് റജിസ്റ്റർ ചെയ്ത സംഘടനയാണ് തൃക്കരിപ്പൂരിലെ ജാമിഅഃ സഅദിയഃ. വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത ഈ സ്ഥാപനത്തിന്റെ സ്വത്തുവകകളാണ് നിലവിലുള്ള ചെയർമാനായ ടി.കെ പൂക്കോയ തങ്ങൾ തുച്ഛമായ വിലയ്ക്ക് സ്വകാര്യ ട്രസ്റ്റിന് കൈമാറിയത്.

തൃക്കരിപ്പൂർ സബ്ബ് റജിസ്ട്രാർ ഓഫീസിൽ ഫെബ്രുവരിയിൽ 584/2020 നമ്പറായി റജിസ്റ്റർ ചെയ്ത ആധാരത്തിൽ പറയുന്നത് ഇന്ത്യൻ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത ജാമിഅ സഅദിയഃ അഗതി മന്ദിര കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ വസ്തുകച്ചവടം നടത്തുന്നു എന്നാണ്.

വഖഫിൽ റജിസ്റ്റർ ചെയ്ത ജാമിഅഃ സഅദിയഃ ഇസ്്ലാമിയയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജാമിഅഃ സഅദിയ അഗതി മന്ദിര കമ്മിറ്റി.

ജെംസ് സ്കൂൾ വിൽപ്പന തട്ടിപ്പിനെതിരെ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടറും അഭിഭാഷകനുമായ സി. ഷുക്കൂർ വഖഫ് സി.ഇ.ഒയ്ക്ക്  നൽകിയ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

വഖഫ് ആക്ടിലെ 52 ഏ സെക്ഷൻ പ്രകാരം വഖഫ് അധീനതയിലുള്ള സ്വത്തുക്കൾ കൈമാറാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്.

ഈ വ്യവസ്ഥകൾ ലംഘിച്ച ടി.കെ പൂക്കോയ തങ്ങൾ, എം.സി ഖമറുദ്ദീൻ എം.എൽ.ഏ എന്നിവർക്കെതിരെ വഖഫ് ബോർഡ് നോട്ടീസയച്ചു.

ഏഴ് ദിവസത്തിനകം ഇവർ വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.

വഖഫ് ബോർഡിന്റെ മുൻകൂർ അനുമതിയോ സമ്മതപത്രമോ ഇല്ലാതെ വഖഫ് അധീനതയിലുള്ള സ്വത്തുക്കൾ വിൽപ്പന നടത്തുന്നത് കുറ്റകരമാണെന്ന് വഖഫ് ബോർഡ് നോട്ടീസിൽ  വ്യക്തമാക്കിയിട്ടുണ്ട്.

LatestDaily

Read Previous

നിയമന നിരോധനം വരുന്നു; ര​ണ്ടു വ​ർ​ഷ​ത്തേ​യ്ക്ക് പു​തി​യ ത​സ്തി​കകളുണ്ടാവില്ല

Read Next

കേരളത്തിൽ കൊവിഡ് മരണങ്ങൾ ഉയരും