ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പീഡനക്കേസ് അന്വേഷണവുമായി പൂർണമായും സഹകരിച്ചതായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ സത്യവാങ്മൂലം. മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് എൽദോസ് സത്യവാങ്മൂലം സമർപ്പിച്ചത്. തന്നെ വീണ്ടും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രീയ പരിശോധനകളും, ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും പൂർത്തിയാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം രാഷ്ട്രീയ, മാധ്യമ സമ്മർദം മൂലമാണെന്നും എംഎൽഎ കോടതിയെ അറിയിച്ചു.
എൽദോസിന് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് നിയമപരമല്ലെന്നും ലൈംഗിക പീഡനത്തിന് ഇരയായതായി രഹസ്യമൊഴിയിൽ വിശദീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന പ്രതിയുടെ ആവശ്യത്തെ ഹർജിക്കാരിയും സർക്കാരും എതിർത്തിരുന്നു. ഇതേതുടർന്ന് എൽദോസിന്‍റെ ആവശ്യം നിരസിച്ച കോടതി പ്രതിക്ക് അഭിഭാഷകനോടൊപ്പം കോടതിയിൽ മൊഴി പരിശോധിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജിയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.