ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ, അനുമതിയില്ലാതെ ടെക്നോപാർക്കിൽ പൊലീസുകാരെ വിന്യസിച്ച് കോടികളുടെ ബാധ്യത ചുമത്തിയ ബെഹ്റയെ സംരക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നതായി ആക്ഷേപം. ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അധിക സുരക്ഷക്ക് വിട്ടുനൽകിയത്. ഇതുമൂലം മൂന്ന് കോടിയോളം രൂപയുടെ ബാധ്യതയുണ്ടായി. ഇത് ബെഹ്റയില്‍ നിന്ന് ഈടാക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 22 പൊലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. ഇവർക്കൊപ്പം 18 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കൂടി ബെഹ്റ നിർബന്ധിച്ച് ഏല്പിച്ചു. 2017 മുതൽ 2020 വരെ സർക്കാർ അനുമതിയില്ലാതെ ബെഹ്റ വിരമിക്കുന്നതുവരെ ഈ സൗജന്യ സേവനം തുടർന്നു. പിന്നാലെ ടെക്നോപാർക്കുമായി ബന്ധപ്പെട്ടെങ്കിലും അവർ ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയുടെ പണം നല്‍കാനാവില്ലെന്ന നിലപാടാണ് കൈകൊണ്ടത്.
വനിതാ പോലീസുകാരെ അനധികൃതമായി റിക്രൂട്ട് ചെയ്തവരിൽ നിന്ന് പണം ഈടാക്കണം എന്ന് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സർക്കാരിനെ അറിയിച്ചു. എന്നാൽ, ബെഹ്റയിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. ധനവകുപ്പിന്‍റെ എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നല്‍കിയതുപോലെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന് നല്‍കിയ അധിക സുരക്ഷയുടെ ബാധ്യതയും സംസ്ഥാനം ഏറ്റെടുക്കാനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.