പോലീസിന്റെ പേരിൽ വ്യാജ പണപ്പിരിവ് യുവാവിനെതിരെ ഡിവൈഎസ്പിക്ക് പരാതി

കാസർകോട്, വിദ്യാനഗർ, മേൽപറമ്പ പോലീസ് സ്റ്റേഷനുകളിൽ നിരവധി പേർ മുബാറക്കിന്റെ തട്ടിപ്പിൽ കുടുങ്ങി
 
കാസർകോട്: കാസർകോട് പോലീസ് സ്റ്റേഷനിൽ ഇടനില ചമഞ്ഞ് പണപ്പിരിവ് നടത്തുന്ന യുവാവിനെതിരെ ഡിവൈഎസ്പിക്ക് പരാതി.  കാസർകോട് അണങ്കൂറിലെ മുബാറക്ക് എന്ന ബാറക്കുവാണ് പോലീസിനെന്ന പേരിൽ പണപ്പിരിവ് നടത്തിയത്. കാസർകോട് നാലാംമൈൽ തൈവളപ്പിൽ അബ്ദുൾ റഹ്മാന്റെ മകൻ ടി.ഏ. അഹമ്മദ് നിഷാദ്, കാസർകോട് തുരുത്തി കെ.കെ. പുറത്തെ ബഷീറിന്റെ മകൻ ടി.ബി. അബൂബക്കർ, സിദ്ധിഖ് എന്നിവരാണ് മുബാറക്കിനെതിരെ കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് പരാതി കൊടുത്തത്.

2019-ൽ ജോലി ആവശ്യാർത്ഥം എറണാകുളത്ത് പോയ അബൂബക്കർ സിദ്ധിഖ് എറണാകുളത്തെ ഹോട്ടലിൽ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിച്ചിരുന്നു.  മുറി വാടക കൊടുത്ത് ഇടപാടുകൾ തീർത്ത അബൂബക്കർ സിദ്ധിഖിനെതിരെ, എറണാകുളത്തെ ഹോട്ടലിൽ ബില്ലടക്കാത്തതിന്റെ പേരിൽ കേസ്സുണ്ടെന്ന് പറഞ്ഞാണ് മുബാറക്ക് സമീപിച്ചത്.  എറണാകുളം പോലീസ് കാസർകോട് പോലീസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടെന്നും, നേരിട്ട് വന്നാൽ പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു മുബാറക്കിന്റെ വാഗ്ദാനം.

പിറ്റേ ദിവസം വിവാഹം നടക്കേണ്ടതിനാൽ, അബൂബക്കർ സിദ്ധിഖ് കാസർകോട് പോലീസ് സ്റ്റേഷൻ പരിസരത്തെത്തി മറ്റൊന്നും ചിന്തിക്കാതെ മുബാറക്ക് ആവശ്യപ്പെട്ട 10,000 രൂപ കൈമാറുകയായിരുന്നു.  പോലീസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന വ്യാജേനയാണ് പണം കൈപ്പറ്റിയത്. അബൂബക്കർ സിദ്ധിഖ് എറണാകുളത്തെ ഹോട്ടലിലെത്തി നടത്തിയ അന്വേഷണത്തിൽ സംഭവം വ്യാജമാണെന്ന് തെളിഞ്ഞു. പോലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാനെന്ന വ്യാജേന 4500 രൂപ വാങ്ങിയ സംഭവത്തിലാണ് നാലാംമൈലിലെ അഹമ്മദ് നിഷാദ് ഡിവൈഎസ്പിക്ക് പരാതി കൊടുത്തത്. മുഹമ്മദ് നിഷാദിന്റെ കെ.എൽ.14. ആർ.3289 നമ്പറിലുള്ള ആൾട്ടോ കാർ സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.

500 രൂപ പിഴയീടാക്കി വിട്ടു നൽകിയ കാർ തന്റെ ഇടപെടൽ മൂലമാണ് വിട്ടുകിട്ടിയതെന്ന് അവകാശപ്പെട്ട് മുബാറക്ക് 4500 രൂപ കൈപ്പറ്റുകയായിരുന്നു. തുടർന്ന് അഹമ്മദ് നിഷാദ് നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമായി. പെറ്റിക്കേസ്സുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ ഇടനില നിൽക്കുന്ന മുബാറക്ക് പോലീസിന് കൊടുക്കാനെന്ന വ്യാജേന പലരിൽ നിന്നും പണപ്പിരിവ് നടത്താറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.  പോലീസ് ഉദ്യോഗസ്ഥർ അറിയാതെയാണ് പോലീസിന്റെ പേരിലുള്ള പണപ്പിരിവ്.

ഏറ്റവുമൊടുവിൽ കാർ വിട്ടുകിട്ടാനെന്ന വ്യാജേന 4500 രൂപ തട്ടിയെടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുബാറക്കിനെ കാസർകോട് എസ്ഐ, യു.പി. വിപിൻ താക്കീത് നൽകിയിരുന്നു. പോലീസിന് വിവരങ്ങൾ നൽകുന്നയാളെന്ന നിലയിൽ പോലീസ് സ്റ്റേഷനുമായി അടുത്ത ബന്ധമുള്ള മുബാറക്ക് ഇതിന്റെ മറവിലാണ് പലരിൽ നിന്നും പണപ്പിരിവ് നടത്തിയത്.  കാസർകോട്, വിദ്യാനഗർ, മേൽപ്പറമ്പ്, പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി പേരെ മുബാറക്ക് തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാത്തവരുടെ വാഹനങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് പോലീസിന് വിവരം നൽകി പിടിപ്പിക്കുന്നതും യുവാവിന്റെ രീതിയാണ്.

LatestDaily

Read Previous

സുനിലിന് ബാങ്കിൽ ദല്ലാൾ സംഘം 25000 രൂപയുടെ കടക്കാരനെ 1 ലക്ഷത്തിന്റെ കടക്കാരനാക്കി മാറ്റുന്ന മടിക്കൈ സൂത്രം

Read Next

സോഷ്യൽ മീഡിയ വഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്