ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പരാതിക്കാരിയെ എൽദോസ് മർദ്ദിച്ച കേസിൽ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തു. അഡ്വ.അലക്സ്, അഡ്വ.സുധീർ, അഡ്വ.ജോസ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഓഫീസിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓൺലൈൻ മാധ്യമ പ്രവർത്തകനായ രാഗം രാധാകൃഷ്ണനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. തടഞ്ഞുവച്ച് മർദിച്ചു, ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കാൻ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി വഞ്ചിയൂർ പൊലീസ് നേരത്തെ എൽദോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 31ന് കോടതി വിധി പറയും.
കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് എംഎൽഎ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഓടിയപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. എൽദോസിനെ രണ്ട് തവണ ഇവിടെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എൽദോസ് തന്നെ മർദ്ദിച്ചെന്നും പരാതി പിൻവലിക്കാൻ വക്കീൽ ഓഫീസിൽ വച്ച് രേഖയുണ്ടാക്കാൻ ശ്രമിച്ചുവെന്നുമുള്ള മൊഴിയിൽ വഞ്ചിയൂർ പൊലീസ് കഴിഞ്ഞ ദിവസം പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ എൽദോസ് മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.
കേസ് പിൻവലിക്കുമെന്ന ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് പരാതിക്കാരി ആരോപിച്ചു. ഒരു വനിതാ കോണ്‍ഗ്രസ് പ്രവർത്തക തനിക്ക് ഭീഷണി സന്ദേശം അയച്ചതായി യുവതി ആരോപിച്ചു. എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.