മഹാരാഷ്ട്ര മുൻമന്ത്രി അനിൽ ദേശ്മുഖ് ഒരു വർഷത്തിന് ശേഷം ജയിൽ മോചിതനായി

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. അദ്ദേഹത്തിന് എൻസിപി നേതാക്കളും അനുഭാവികളും ഊഷ്മളമായ സ്വീകരണം നൽകി.

“ഒരു കുറ്റവും ചുമത്താതെയാണ് എന്നെ ജയിലിലടച്ചത്. എന്നാൽ ഒടുവിൽ എനിക്ക് കോടതിയിൽ നിന്ന് നീതി ലഭിച്ചു. രാജ്യത്തെ പുതിയ സർക്കാരിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു” – ജയിൽ മോചിതനായ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഡിസംബർ 12ന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐ സമയം ചോദിച്ചതിനെ തുടർന്ന് ജഡ്ജി ഉത്തരവ് 10 ദിവസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ശൈത്യകാല അവധിയിലായതിനാൽ ജനുവരിയിൽ കോടതി വീണ്ടും തുറന്ന ശേഷം മാത്രമേ അപ്പീൽ കേൾക്കാൻ കഴിയൂ.

കള്ളപ്പണം ഇടപാട് ആരോപിച്ച് 2021 നവംബറിലാണ് ദേശ്മുഖിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ ജാമ്യം ലഭിച്ചെങ്കിലും സിബിഐ ഫയൽ ചെയ്ത അഴിമതിക്കേസിൽ ജയിലിൽ കഴിയുകയായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത ദേശ്മുഖ് മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് ചില പോലീസ് ഉദ്യോഗസ്ഥർ വഴി 4.7 കോടി രൂപ പിരിച്ചെടുത്തെന്നാണ് സിബിഐയുടെ വാദം.

K editor

Read Previous

നീതീകരണമില്ലാത്ത  കൊള്ള

Read Next

കോവിഡ് സംബന്ധിച്ച വിവരം പങ്കുവെക്കുന്നത് കുറ്റകരമല്ല; വ്യക്തത വരുത്തി പി.ഐ.ബി