ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വിദേശ സർവകലാശാലകളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിലോ സർവകലാശാലയിലോ പഠനം തുടരാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. പ്രവീൺ ഭാരതി പവാർ ലോക്സഭയിൽ പറഞ്ഞു. രണ്ട് മാസം മുമ്പ് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ 412 മെഡിക്കൽ വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തെ പ്രതിപാദിക്കവെയാണ് മന്ത്രിയുടെ പരാമർശം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ സർവകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം നേടാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ സീറ്റുകളനുവദിച്ച് നല്‍കിയ വിഷയം കമ്മിഷന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങൾക്ക് അനുവദിച്ച മെഡിക്കൽ സീറ്റുകളിൽ 85 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റിലെ (നീറ്റ്) റാങ്കിന്‍റെ അടിസ്ഥാനത്തിൽ നടത്തണം. പശ്ചിമ ബംഗാളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എൻഎംസിയെ സമീപിച്ചിട്ടില്ലെന്നും സീറ്റുകൾ അനുവദിക്കാൻ എംഎൻസി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) എഴുതാൻ അനുമതി നല്‍കാറില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.