ഉത്തരേന്ത്യയില്‍ പ്രളയം രൂക്ഷമാകുന്നു; 35 പേർ മരണമടഞ്ഞു

ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തരേന്ത്യയിൽ നാശം വിതച്ചു. ഹിമാചൽ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 35 പേരാണ് മരിച്ചത്. ഹിമാചൽ പ്രദേശിൽ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെ 22 പേരാണ് മരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 10 പേർക്ക് പരിക്കേറ്റു. ഹിമാചൽ പ്രദേശിൽ കാണാതായ ആറുപേർ കൂടി മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അരിന്ദം ചൗധരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ ഇതുവരെ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ പത്ത് പേരെ കാണാതായി. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും പാലങ്ങളും തകർന്നു. സ്ഥിതി ആശങ്കാജനകമായ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കവും മഴയും തുടരുന്ന ഒഡീഷയിലെ സ്ഥിതിയും സുരക്ഷിതമല്ല. 500 ഓളം ഗ്രാമങ്ങളിലെ 4.5 ലക്ഷം ആളുകളാണ് മഴക്കെടുതിയിൽ അകപ്പെട്ടത്. ഒഡീഷയിൽ ഇതുവരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചില ജില്ലകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. കരകവിഞ്ഞൊഴുകുന്ന മഹാനദയിൽ രക്ഷാപ്രവർത്തനം നടത്തിയ ബോട്ട് മറിഞ്ഞെങ്കിലും ആർക്കും പരിക്കേറ്റില്ല.

K editor

Read Previous

സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ച തുടങ്ങി

Read Next

‘തീര്‍പ്പ്’; അവസാന ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടു